മല്ലപ്പള്ളി: അറവുശാലയിൽ നിന്ന് പോത്ത് വിരണ്ടോടിയത് പരിഭ്രാന്തിസൃഷ്ടിച്ചു. വായ്പൂര് ആനപ്പാറയിൽ കഴിഞ്ഞ ദിവസം വെളുപ്പിന് 4നായിരുന്നു സംഭവം. വിരണ്ടോടിയ പോത്തിനെ ഉച്ചയ്ക്ക് 1മണിയോടെയാണ് പിടികൂടിയത്. മൂക്കി ഇരുവശങ്ങളിലെ കയറുപൊട്ടിച്ച പോത്ത് വിരണ്ടോടുകയായിരുന്നു. ആനപ്പാറ ,പേക്കാവ്, മേത്താനം, അറഞ്ഞിയ്ക്കൽ, മലേക്കിഴ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഭീതി പരത്തിയ പോത്ത് വിവിധയിടങ്ങളിൽ കൃഷിനാശവും വരുത്തി. റാന്നിയിൽ നിന്ന് അഗ്നി രക്ഷാ സംഘവും, പെരുമ്പെട്ടി പൊലീസും സ്ഥലത്തെത്തി. പിന്നീട് അംഗീകൃതലൈസൻസുള്ള ആളുടെ സഹായത്തോടെ ഉരുവിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.