 
അടൂർ : ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ആരംഭിച്ച വൃദ്ധപരിപാലന കേന്ദ്രം പ്രവർത്തനമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആകുന്നു. അപ്പിനഴികത്തു ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2009 ജനുവരി 22നാണ് അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വൃദ്ധർക്ക് ഒറ്റപ്പെടലിന്റെ വിരസതകളിൽനിന്നു മാറി മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനുള്ള അവസരമൊരുക്കുന്ന കേന്ദ്രം എന്ന നിലയിലാണ് ഈ കെട്ടിടം നിർമ്മിച്ചത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വൃദ്ധ പകൽ പരിപാലന കേന്ദ്രം എന്ന നിലയിൽ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലാ പഞ്ചായത്ത് ഭരണസമിതി മാറി വന്നിട്ടും സ്ഥാപനത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.
വൃദ്ധ പരിപാലനത്തിന് പദ്ധതികൾ ഏറെ
ജില്ല സാമൂഹിക ക്ഷേമ മിഷന് കീഴിൽ വൃദ്ധ പരിപാലനത്തിന് നിരവധി പദ്ധതികളുണ്ട്. ഇടയ്ക്ക് സമീപ പ്രദേശത്തെ ചില കല്യാണങ്ങൾ നടത്താൻ ഈ കേന്ദ്രത്തിന്റെ ഹാൾ ഉപയോഗിച്ചിരുന്നതായും, എന്നാൽ ഇപ്പോൾ രാത്രികാലങ്ങളിൽ ഉൾപ്പടെ ലഹരി മാഫിയയുടെയും, സാമൂഹിക വിരുദ്ധരുടെയും താവളമായി ഈ സ്ഥലം മാറിയിരിക്കുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യം
കുന്നിട താന്നിക്കൽ ഭഗവതി ക്ഷേത്രത്തിന്റെ സർപ്പകാവിന് അടുത്താണ് വൃദ്ധ പകൽ പരിപാലന കേന്ദ്രത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്. ഏനാദിമംഗലം പഞ്ചായത്തിൽ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽവിരസത അനുഭവിക്കുന്ന ധാരാളം വൃദ്ധജനങ്ങളുള്ള സാഹചര്യത്തിൽ അധികൃതർ മുൻ കൈയ്യെടുത്തു വൃദ്ധപകൽ പരിപാലന കേന്ദ്രം പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യമുയരുകയാണ്. എന്നാൽ കെട്ടിടത്തിന് വൈദ്യുതിയും വെള്ളവും ഇല്ലാത്തതും, ടോയ്ലെറ്റ് ഉപയോഗക്ഷമല്ലാത്തതും പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
..........................
നിലവിലെ കിണറിൽ വേനൽക്കാലത്ത് വെള്ളമില്ലാത്തതിനാൽ കുഴൽ കിണർ നിർമ്മിക്കാനായി ജില്ലാ പഞ്ചായത്ത് 7ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ വൈദ്യുതി കൂടി എത്തുന്നതോടെ പ്രവർത്തനം ആരംഭിക്കും.
ബീന പ്രഭ
(ജില്ലാ പഞ്ചായത്ത് അംഗം)
............................
കെട്ടിടം പ്രവർത്തന സജ്ജമാകുന്നത്തോടെ ഏനാദിമംഗലം പഞ്ചായത്ത് വയോജന സൗഹൃദം പഞ്ചായത്ത് ആകുന്നതിന്റെ ഭാഗമായി "പകൽ വീട്" പദ്ധതി അവിടേക്ക് കൊണ്ട് വരാൻ വേണ്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഉദയരശ്മി അനിൽകുമാർ
(വാർഡ് അംഗം)