തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ആലുംതുരുത്തി കവലയ്ക്ക് സമീപം നിയന്ത്രണം തെറ്റിയ കാർ പാടശേഖരത്തെ വെള്ളക്കെട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ ചങ്ങനാശേരി സ്വദേശി റോഷൻ പരിക്കൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.15നാണ് അപകടം. കായംകുളം സംസ്ഥാനപാതയിലെ കാവുംഭാഗത്തു നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോയ കാറാണ് ആലുംതുരുത്തി കവലയ്ക്ക് സമീപം നിയന്ത്രണം തെറ്റി വേങ്ങൽ ഇരുകര പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 10അടി താഴ്ചയുള്ള നീർത്തടത്തിലേക്കാണ് കാർ പതിച്ചത്. ഈ ഭാഗത്ത് മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വീതികുറഞ്ഞ റോഡിന്റെ ഇരുഭാഗത്തും വേങ്ങൽ പാടശേഖരമാണ്. റോഡരികിലെ മൈൽകുറ്റികൾ തകർത്താണ് കാർ വയലിലെ വെള്ളക്കെട്ടിലേക്ക് വീണത്. മുൻവശത്തെ വാതിൽ തുറന്ന് കാർ ഡ്രൈവർ പുറത്തേക്ക് രക്ഷപെടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ പകുതിഭാഗവും വെള്ളത്തിൽ മുങ്ങി. ക്രയിൻ ഉപയോഗിച്ച് വാഹനം കരയ്‌ക്കെത്തിച്ചു. ഗതാഗത നിയമലംഘനം കണ്ടെത്താനായി എ.ഐ. ക്യാമറയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.