malinyam
കനാൽ കരയിൽ മാലിന്യം തള്ളിയ നിലയിൽ

നടപടിയെടുക്കാതെ ഏഴംകുളം പഞ്ചായത്ത് അധികൃതർ

അടൂർ : കനാൽക്കരയിലെ മാലിന്യം മൂലം ദുർഗന്ധം രൂക്ഷം. ഏഴംകുളം പഞ്ചായത്തിന്റെ 17 -ാം വാർഡിൽ കൂടി പോകുന്ന കനാലിന്റെ വശങ്ങളിലായാണ് മാലിന്യം തള്ളിയിരിക്കുന്നത്. പതിനേഴാം വാർഡിൽ നിന്ന് അടൂർ നെല്ലിമൂട്ടിൽ പടി വരെ കനാൽ റോഡിൽ കൂടി ദുർഗന്ധം മൂലം വഴി നടക്കാനാകാത്ത സ്ഥിതിയാണ്. മാലിന്യ കൂമ്പാരങ്ങൾ തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. ഇവ ആഹാര അവശിഷ്ടങ്ങൾ കടിച്ചുവലിച്ച് റോഡിലിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിൽ കൂടി നടക്കുന്നവരെ നായകൾ ആക്രമിക്കുവാൻ വരുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരെ നായകൾ പിന്തുടരുന്നത് മൂലം അപകടങ്ങൾ ഉണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു.

ഏഴംകുളം വില്ലേജ് ഓഫീസിന് തെക്ക് ഭാഗത്തെ കനാൽ റോഡിൽ കൂടിയുള്ള യാത്രയും ദുസഹമാണ് . കൂടുതലായി റോഡിൽ മാലിന്യം തള്ളുന്ന പ്രദേശമാണിത്. അറുകാലിക്കൽ ചേരകത്ത് പടി മുതൽ കരിങ്ങാട്ടിൽ പടി വരെയുള്ള ഭാഗത്ത് റോഡിന്റെ നടുക്കുവരെ വരെ മാലിന്യം കിടക്കുന്നത് കാണാം .

മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ബാഹ്യ ഇടപെടലുകളിൽ കൂടി ഉദ്യോഗസ്ഥർ പിഴ ഒഴിവാക്കി വിട്ടിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. പല തവണ സമരങ്ങൾ നടന്നെങ്കിലും ഹെൽത്ത് ഇൻസ്‌പെക്ടർ വന്ന് നോക്കിയിട്ട് പോകുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. മഴക്കാലമായതോടെ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലായതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴയടക്കമുള്ള ശിക്ഷാനടപടികൾ നൽകാൻ പഞ്ചായത്ത് ഭരണ സമിതി ഇടപെടണം. ഇല്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടിയിലേക്ക് പോകും

ഇ.എ.ലത്തീഫ്

ഏഴംകുളം പഞ്ചായത്ത് കോട്ടമുകൾ വാർഡ് അംഗം