one

പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ ജില്ലയിൽ 4776 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. 9707 സീറ്റുകളിലാണ് പ്രവേശനം നടന്നത്. 13,859 അപേക്ഷകളാണ് പ്ലസ് വണ്ണിന് ജില്ലയിൽ ലഭിച്ചത്. മെറിറ്റിൽ 710 സീറ്റുകളിൽ കുട്ടികൾ എത്തിയിട്ടില്ല. സ്‌പോർട്‌സ് ക്വാട്ട 226, മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 11, കമ്യൂണിറ്റി ക്വാട്ട 438, മാനേജ്‌മെന്റ് ക്വാട്ടയിൽ 1594, അൺഎയ്ഡഡ് ക്വാട്ടയിൽ 1797 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.
ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അപേക്ഷകൾ 3360ആയിരുന്നു. ഭിന്നശേഷിക്കാരുടേത് ഉൾപ്പെടെ 9906 മെറിറ്റ് സീറ്റുകളിൽ 7586ൽ പ്രവേശനം നൽകി. മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം ജനറൽ വിഭാഗത്തിൽ 7637 സീറ്റുകളുണ്ടായിരുന്നതിൽ 6967ൽ പ്രവേശനം നൽകി. 670 സീറ്റുകൾ ഒഴിവുണ്ട്. മറ്റ് ഒഴിവുകൾ സംവരണ വിഭാഗത്തിന്റേതാണ്. പട്ടികജാതി വിഭാഗം സംവരണ സീറ്റുകളിൽ 53 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
സ്‌പോർട്‌സ് ക്വാട്ടായിൽ 321 സീറ്റുകളുണ്ടായിരുന്നതിൽ 95ൽ മാത്രമേ പ്രവേശനം നടന്നുള്ളൂ. കമ്യൂണിറ്റി ക്വാട്ടായിൽ 858 സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിൽ ഉണ്ടായിരുന്നു. ഇതിൽ 420 കുട്ടികൾ പ്രവേശനംനേടി. മാനേജ്‌മെന്റ് ക്വാട്ടായിൽ 1750 സീറ്റുകളുണ്ടായിരുന്നതിൽ 156 സീറ്റുകളിൽ മാത്രമേ കുട്ടികളെത്തിയിട്ടുള്ളൂ. അൺഎയ്ഡഡ് വിഭാഗത്തിലെ 1852 സീറ്റുകളിൽ 55 കുട്ടികൾക്കാണ് പ്രവേശനം നൽകാനായത്.

കുട്ടികൾ കുറവ് ഗ്രാമീണ മേഖലകളിൽ

ഒന്നാംവർഷ പ്രവേശനത്തിന് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായത് ഗ്രാമീണ മേഖലയിലാണ്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പല ബാച്ചുകളിലേക്കും മതിയായ കുട്ടികളെ ലഭിച്ചിട്ടില്ല. ഒരു ബാച്ചിന് ആവശ്യമായ കുട്ടികളുടെ എണ്ണം അമ്പതാണ്. ബാച്ച് മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമുള്ളത് 25 കുട്ടികളും. രണ്ടാമതൊരു ബാച്ച് തുടങ്ങണമെങ്കിൽ 75 കുട്ടികൾ വേണം. 25 കുട്ടികളുടെ പിൻബലത്തിലാണ് പല സ്‌കൂളുകളിലും ബാച്ചുകൾ നിലനിൽക്കുന്നത്. കഴിഞ്ഞവർഷവും കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി. തുടർച്ചയായ മൂന്നുവർഷം കുട്ടികൾ കുറയുമ്പോൾ ബാച്ചുകൾ നഷ്ടമാകും. കഴിഞ്ഞ വർഷവും കുറവുണ്ടായിരുന്നു. 95 സ്‌കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിച്ചിട്ടുണ്ടെങ്കിലും 80 സ്‌കൂളുകളിലാണ് പ്രവേശനം നടന്നത്. അൺഎയ്ഡഡ് ബാച്ചുകളാരംഭിച്ച സ്‌കൂളുകൾ പലതുമാണ് നിന്നുപോയത്.

ഒഴിവ് ഹ്യുമാനിറ്റീസ് ബാച്ചുകളിൽ

ഒഴിവുകളേറെയുള്ളത് ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ്. സയൻസ് ബാച്ചുകളിൽ ഗ്രാമീണമേഖലകളിൽ സീറ്റുകളുണ്ട്. കൊമേഴ്‌സ് ബാച്ചുകളിലേക്ക് മതിയായ കുട്ടികളെ ലഭിച്ചിട്ടുണ്ട്. 2300 സീറ്റുകളാണ് ഹ്യുമാനിറ്റീസിലുണ്ടായിരുന്നത്. സയൻസിൽ 7350 സീറ്റുകളും കൊമേഴ്‌സിൽ 3550 സീറ്റുകളുമാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ബാച്ചുകളിലും കുട്ടികളുടെ കുറവുണ്ട്. പത്താംക്ലാസ് പാസായ കുട്ടികളുടെ എണ്ണത്തേക്കാൾ അധികമാണ് ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം.