project
കവിയൂർ പഞ്ചായത്തിൽ മാതൃവന്ദന സൂതിക പരിചര്യ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ നിർവ്വഹിച്ചപ്പോൾ

തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറി നടപ്പാക്കുന്ന മാതൃവന്ദന സൂതിക പരിചര്യ നൂതന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗർഭാവസ്ഥയിലും പ്രസവശേഷവുമുള്ള ചികിത്സയും മരുന്നുനൽകലും പരിചരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ റേച്ചൽ വി.മാത്യുവിന്റെ അദ്ധ്യക്ഷത നടന്ന പരിപാടിയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പാർവതി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ സിന്ധു ആർ.സി.നായർ, അനിതാസജി, രാജശ്രീ കെ, ആർ.പ്രവീൺ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, യോഗ ഇൻസ്ട്രക്ടർ ഡോ.നിധിയ ബാലൻ, ജിഷ്ണു ജെ.ജെ.നായർ എന്നിവർ പ്രസംഗിച്ചു. ആയുർവേദ ഡിസ്പെൻസറിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി ആദരിച്ചു. ആയുർവേദ ഡിസ്പെൻസറിൽ സ്ഥാപിച്ച സി.സി ടി.വി ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം ആകാശ് ബോബൻ തോമസ്‌ നിർവഹിച്ചു.