തിരുവല്ല : കനത്തമഴയിലും കാറ്റിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. വൈദ്യുതി വിതരണം തടസപ്പെട്ടു. ആറാട്ടുകടവ് മുണ്ടടിച്ചിറ റോഡിൽ കീത്തലപ്പടിയിൽ ആഞ്ഞിലിമരം കടപുഴകി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണതിനെ തുടർന്ന് തലയാർ മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് കനത്തമഴയും കാറ്റും ഉണ്ടായത്. തിരുവല്ല നഗരത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ അടക്കം നിലംപതിച്ചു. ഇടിഞ്ഞില്ലത്ത് വിജയ കൺവെൻഷൻ സെന്ററിന്റെ മുന്നിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കറ്റോട് തിരുമൂലപുരം റോഡിൽ അഞ്ചിടത്ത് മരങ്ങൾ കടപുഴകി വീണു. മുത്തൂർ 38ാം വാർഡിൽ പൈനുംമൂട്ടിൽ അബ്ദുൾ സലാമിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗീക നാശം സംഭവിച്ചു. പെരിങ്ങോളിലും മരം റോഡിന് കുറുകെ വീണു. വൈക്കത്തില്ലത്ത് 11കെ.വി ലൈനിന് മുകളിൽ കമുക് ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങി. തിരുവല്ലയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. തിരുവല്ല നഗരത്തിലും പൊടിയാടി, നെടുമ്പ്രം, പെരിങ്ങര, കടപ്ര നിരണം പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.