പത്തനംതിട്ട: പന്തളം നഗരസഭയിലെ കെട്ടിട നികുതി വർദ്ധന പിൻവലിക്കണമെന്ന് ബിൽഡിംഗ് ഒാണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തിലാണ് പന്തളത്ത് കെട്ടിട നികുതി നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. പിഴപ്പലിശ ഉൾപ്പെടെ മുൻകാല പ്രാബല്യത്തോടെയാണ് തുക ഈടാക്കുന്നത്. ഇത് പൊതുജനങ്ങളെ വലിയ സാമ്പത്തിക ബാദ്ധ്യതയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സർക്കാർ ശുപാർശ ചെയ്തിട്ടുള്ള പ്ലിന്ത് ഏരിയ അടിസ്ഥാനത്തിലുള്ള കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിയപ്പോൾ പന്തളത്തെ നികുതിപരിഷ്കരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം മുടങ്ങിപ്പോകുകയും നഗരസഭയ്ക്ക് വരുമാനനഷ്ടം ഉണ്ടാകുകയും ചെയ്തു. അതോടൊപ്പം നികുതിദായകർക്ക് ലഭിക്കേണ്ട നികുതി ഇളവുകളും നഷ്‌ടപ്പെട്ടു. പ്രളയത്തിനും കൊവിഡിനും ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടുള്ള പന്തളത്തെ പൊതുജനങ്ങളെ സർക്കാർ പ്രഖ്യാപിച്ച മിതമായ നിരക്ക് നിശ്ചയിച്ചും ക്രമവത്കരണം നടത്തിയും എല്ലാ കെട്ടിടങ്ങളും നികുതി രജിസ്റ്ററിൽ കൊണ്ടുവരാനുള്ള അവസരം നഷ്ടപ്പെടുത്തി.
ഭാരവാഹികളായ പ്രേംശങ്കർ, ഇ. എസ്. നുജുമുദീൻ, സുഭാഷ് കുമാർ, കെ. ആർ. അശോക് കുമാർ, പി. പി. ജോൺ, റെജി പത്തിയിൽ, ഗോപിനാഥ പിള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.