
പത്തനംതിട്ട : ജില്ലയിൽ കാറ്റിലും മഴയിലും വ്യാപക നാശം. അടൂർ, മല്ലപ്പള്ളി, തിരുവല്ല, പന്തളം, കോഴഞ്ചേരി, പത്തനംതിട്ട, കോന്നി, റാന്നി ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. വീടുകൾക്കും ഭാഗീകമായ നാശം സംഭവിച്ചു. വലിയ മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണത് വൈദ്യുതി തടസത്തിന് കാരണമായി. അടൂർ താലൂക്കിൽ നാലിടത്ത് കാറ്റിൽ മരം വീണു. ഏഴംകുളം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ മാങ്കൂട്ടത്ത് റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചെന്നീർക്കര, ഇലവുംതിട്ട, കുഴിക്കാല എന്നിവിടങ്ങളിലാണ് നാശഷ്ടങ്ങളും വൈദ്യുതി മുടക്കവും ഉണ്ടായത്. വൈകുന്നേരം ചുറ്റിയടിച്ച കാറ്റാണ് നാശം വിതച്ചത്. റബർ മരങ്ങളാണ് മിക്കയിടങ്ങളിലും ലൈനുകളിൽ ഒടിഞ്ഞുവീണത്.
കോന്നിയിലും കനത്ത നാശം
കോന്നി : കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണ് മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം താറുമാറിലായി. കോന്നി - തണ്ണിത്തോട് വനപാതയിലെ എലിമുള്ളംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. ഇവിടെ ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. അരുവാപ്പുലം വെൺമേലിപ്പടിയിൽ വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഗതാഗത തടസം ഉണ്ടായി.
അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ കുരിശുംമൂട് ജംഗ്ഷന് സമീപം തെങ്ങ് വൈദ്യുതി ലൈനിന്റെ മുകളിലേക്ക് വീണ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. അരുവാപ്പുലം പഞ്ചായത്തിലെ ഐരവൺ മേഖലയിലും വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു.
പന്തളത്ത് മരംവീണ് ഗതാഗതം തടസപ്പെട്ടു
പന്തളം: ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. പന്തളം തെക്കേക്കര പഞ്ചായത്തിൽ തട്ട ഒരിപ്പുരം ക്ഷേത്രത്തിന് സമീപം റോഡിന് കുറുകെ മരംവീണു. കുളനട പഞ്ചായത്തിൽ രാമഞ്ചിറയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. തുമ്പമൺ പഞ്ചായത്തിൽ അമ്പലക്കടവിന് സമീപം മരം റോഡിന് കുറുകെ വീണു. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരങ്ങൾ മുറിച്ചു മാറ്റി.
റാന്നിയിലും മഴക്കെടുതി
റാന്നി : ഐത്തലയിലും ചെറുകുളഞ്ഞിയിലും കാറ്റിൽ മരക്കൊമ്പ് വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത്. റാന്നി - ഇട്ടിയപ്പാറ - ഐത്തല വടശ്ശേരിക്കര റോഡിൽ ഐത്തല വായനശാല പടിക്കു സമീപം മരം വീണ് വൈദ്യുതി ലൈൻ തകരാറിലായി.
ഐത്തല പാലം ജംഗ്ഷനിൽ നിന്ന് ആറ്റുതീരം വഴിയുള്ള റോഡിൽ ഏറാട്ട് കുന്നുപടിക്ക് സമീപവും മരം ലൈനിൽ വീണു. പലയിടത്തും ഗതാഗതം മുടങ്ങി.