bridge-
അപകട ഭീഷണി നേരിടുന്ന വലിയകാവ്‌ പാലം

വലിയകാവ് : റാന്നി -വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലം തകർച്ചയുടെ വക്കിൽ. കൈവരികൾ പലതും കേടുപാടുകൾ സംഭവിച്ച നിലയിലാണ്. കൈവരിക്കുപകരം അധികൃതർ ഒഴിഞ്ഞ ടാർ വീപ്പകൾ നിരത്തി വച്ചിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. മഴക്കാലമായതോടെ തോട്ടിൽ വലിയ വെള്ളമൊഴുക്കുമുണ്ട്. വലിയകാവ് റിസർവ് വനത്തിൽ നിന്ന് തുടങ്ങി പമ്പാ നദിയിൽ എത്തിച്ചേരുന്ന വലിയതോടിനു കുറുകെയുള്ള പാലമാണിത്. പാലത്തിന്റെ അടിത്തട്ടിലുള്ള സംരക്ഷണ ഭിത്തി ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. നിർദ്ദിഷ്ട ശബരി പാതയുടെ അനുബന്ധ റോഡുകൂടിയാണിത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. കോട്ടയത്തേക്കും, എരുമേലിക്കും വളരെവേഗം എത്താനും കഴിയും. അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ പ്രവർത്തകവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് വിനോദ് തടത്തിൽ ഉദ്ഘാടനംചെയ്തു. ജേക്കബ് മാത്യു പുതുപ്പറമ്പിൽ, ഷിബു കാവുംമണ്ണിൽ, ശ്രീനു പുത്തൻപുരയ്ക്കൽ, പ്രതീഷ്.പി, ശാന്തമ്മ സോമൻ, ഉഷ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.