school

പത്തനംതിട്ട : മനസുതുറന്ന് സംസാരിക്കാനും ചിരിക്കാനും കഴിയാത്ത കുട്ടികൾ, അവരുടെ ചിന്തകളും ആഗ്രഹങ്ങളും അവരിൽ ഒതുങ്ങുന്ന അവസ്ഥ. നേരിടുന്ന പ്രശ്നങ്ങൾക്ക് മുമ്പിൽ ഒളിച്ചോടുന്നവർ, ആത്മഹത്യയിൽ അഭയം തേടുന്നവർ....സങ്കീർണമാണ് കുഞ്ഞുമനസുകൾ. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും സ്കൂളുകളിൽ സൈക്കോളജിസ്റ്റ് കൗൺസിലർമാരെ നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ട്. എന്നാൽ ജില്ലയിൽ 47 സ്കൂളുകളിൽ മാത്രമാണ് കൗൺസിലർമാരുള്ളത്. വനിതാ ശിശുവികസന വകുപ്പാണ് നിയമനം നടത്തേണ്ടത്.

47 കൗൺസിലർമാർ

ജില്ലയിൽ 294 ഗവ.സ്‌കൂളുകളുണ്ട്. ഇതിൽ 45 ഗവ.സ്‌കൂളിലും രണ്ട് എയ്ഡ്ഡ് സ്കൂളിലും മാത്രമാണ് കൗൺസിലർമാരുള്ളത്. ചില കൗൺസിലർമാർ രണ്ട് സ്‌കൂളുകൾ സർവീസ് നടത്തുന്നുണ്ട്. 481 എയ്ഡഡ് സ്‌കൂളുകളും 46 അൺ എയ്ഡഡ് സ്‌കൂളുകളും ജില്ലയിൽ പ്രവർത്തിക്കുന്നു. ഇവിടെ കൗൺസിലർമാരില്ല.

പ്രശ്നങ്ങൾ അറിയാം

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിക സംഘർഷത്തിന് ഇടനൽകാതെ അറിയാനുള്ള മാർഗമാണ് കൗൺസിലർമാരുടെ സാന്നിദ്ധ്യം. ഇത് കുട്ടികൾക്ക് നൽകുന്ന ആശ്വാസം വളരെ വലുതാണ്. കുട്ടികളുടെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അറിയാത്ത രക്ഷിതാക്കളുണ്ട്.

ചികിത്സ, സ്വകാര്യ ആശുപത്രിയിൽ

കുട്ടികളെ മാനസിക ചികിത്സയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികളിലുമാണ് എത്തിക്കേണ്ടത്. എന്നാൽ അവിടെ കുട്ടികൾക്ക് അതിനായുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന് സ്കൂൾ കൗൺസിലർമാർ പറയുന്നു. ഇത് കാരണം സ്വകാര്യ ആശുപത്രികളിലേക്ക് കുട്ടികളെ റഫർ ചെയ്യേണ്ടി വരുന്നു.

പോക്‌സോ കേസുകൾ, വഴക്കിട്ട് വീടുവിടുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ ഇവയുടെയെല്ലാം തുടക്കം അറിയാൻ കഴിഞ്ഞാൽ കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും.

രശ്മി, സ്കൂൾ കൗൺസിലർ

സ്കൂൾ കൗൺസിലർമാരുടെ ലിസ്റ്റുണ്ട്. കൂടുതൽ സ്കൂളിലേക്ക് കൗൺസിലർമാരെ നിയമിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.

വനിതാ ശിശുവികസന ഓഫീസ് അധികൃതർ