
പത്തനംതിട്ട : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ കെ.എസ്.ഇ.ബിക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മുപ്പതിനായിരത്തോളം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ഇരുപത്തിയഞ്ച് 11 കെ.വി പോസ്റ്റുകളും 20 ലോ ടെൻഷൻ പോസ്റ്റുകളും നിലംപൊത്തി. കുമ്പഴ, വടശ്ശേരിക്കര, വകയാർ, സീതത്തോട്, തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് കൂടുതൽ നഷ്ടം. സബ് സ്റ്റേഷനുകളിൽ നിന്ന് വിവിധ ഫീഡറുകളിലേക്കുള്ള വൈദ്യുതി വിതരണം നിറുത്തിവച്ചിരിക്കുകയാണ്. പൊതുവായ തകരാർ പരിഹരിച്ച ശേഷം വ്യക്തിഗത പരാതികൾ പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
മഴക്കാലത്തിനു മുമ്പായി വൈദ്യുതലൈനുകളിലേക്കുള്ള ടച്ചിംഗ് വെട്ട് ജോലികൾ പൂർത്തീകരിച്ചിരുന്നു. വലിയ മരങ്ങൾ കടപുഴകിയാണ് പലയിടത്തും വൈദ്യുതി ലൈനുകൾ തകർന്നത്.
മുപ്പതിനായിരത്തോളം വൈദ്യുതി കണക്ഷൻ തകരാറിലായി,
കുമ്പഴ, വടശ്ശേരിക്കര, വകയാർ, സീതത്തോട്, തിരുവല്ല, മല്ലപ്പള്ളി
പ്രദേശങ്ങളിൽ കനത്തനാശം.
തകർന്നത്
11 കെ.വി പോസ്റ്റുകൾ : 25
ലോ ടെൻഷൻ പോസ്റ്റുകൾ : 20
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മരം വീണ് വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്.
കെ.എസ്.ഇ.ബി അധികൃതർ
പ്രമാടത്ത് വൈദ്യുതി മുടങ്ങിയത് പത്ത് മണിക്കൂർ
പ്രമാടത്ത് തിങ്കളാഴ്ച വൈകിട്ട് നാലിന് മുടങ്ങിയ വൈദ്യുതി ഇന്നലെ പുലർച്ചെ രണ്ടോടെയാണ് പുന:സ്ഥാപിച്ചത്. തുടർന്നും നിരവധി തവണ വൈദ്യുതി മുടങ്ങി. കാറ്റത്ത് മരങ്ങൾ കടപുഴകി വീണ് ട്രാൻസ്മോർമറുകളിൽ തകരാർ സംഭവിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അറ്റകുറ്റപ്പണിയും വൈകി. ഇന്നലെ രാവിലെയോടെ പ്രശ്നം പരിഹരിച്ചെങ്കിലും മണിക്കൂറുകളുടെ ഇടവേളകളിൽ നിരവധി തവണ വൈദ്യുതി മുടങ്ങി.