krishi

പ്രമാടം : ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പ്രമാടത്ത് കാർഷിക മേഖലയിൽ കനത്തനഷ്ടം. നൂറുകണക്കിന് ഏത്തവാഴകൾ ഉൾപ്പടെ ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷി നിലംപൊത്തി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഓണവിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ നൂറുകണക്കിന് ഏത്തവാഴകകളാണ് നശിച്ചത്. 19-ാം വാർഡിൽ വെട്ടിക്കാലാമണ്ണിൽ പി.വി. മുരളീധരൻ നായരുടെ അഞ്ഞൂറോളം ഏത്തവാഴകൾ നശിച്ചു. കുഴിപ്പറമ്പിൽ സജി, മങ്ങാട്ട് രാജു, റീന, ഉഷസിൽ അനീഷ്, മുരുപ്പേൽ ഗംഗാധരൻ തുടങ്ങി നിരവധി കർഷകരുടെ വാഴകൾ വ്യാപകമായി നശിച്ചു. മിക്കതും കുലച്ചവയാണ്. ഏത്തന് പുറമെ ഞാലിപ്പൂവൻ, പൂവൻ, കൂമ്പില്ലാക്കണ്ണൻ, പാളയംതോടൻ, കദളി, റോബസ്റ്റ തുടങ്ങിയ വാഴകളും വ്യാപകമായി നശിച്ചിട്ടുണ്ട്. കാർഷിക വിളകളും പച്ചക്കറികളും വ്യാപമായി നശിച്ചു.