കൊടുമൺ : ഓട പണിയുടെ തർക്കത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന ഏഴംകുളം - കൈപ്പട്ടൂർ റോഡ് പണി പുനരാരംഭിക്കാൻ പൊതുമരാമത്തു മന്ത്രിയുടെ നിർദ്ദേശം. സ്ഥലം എം.എൽ.എയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണിത്. തർക്കമുള്ള പ്രദേശത്തെ പണി ഒഴിച്ച് ബാക്കിയുള്ള പണികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം നൽകിതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിനു മുന്നിലെ ഒാട പണിയാണ് വിവാദമായത്. കെട്ടിടത്തിന് മുന്നിൽ ഒാട റോഡിലേക്ക് വളച്ചുകെട്ടിയത് കോൺഗ്രസ് തടഞ്ഞു. പിന്നീട് മുഴുവൻ പണികളും നിറുത്തിവച്ചിരുന്നു. സർവേ അധികൃതർ പുറമ്പോക്ക് അളക്കുന്ന നടപടികളാണ് പിന്നീട് ഉണ്ടായത്. സർവേ റിപ്പോർട്ട് വന്നശേഷം കെട്ടിടത്തിനു മുന്നിലെ പണികളെക്കുറിച്ച് തീരുമാനമുണ്ടാകും.

പൊലീസ് സ്റ്റേഷനു സമീപം സ്റ്റേഡിയത്തിന് എതിർവശത്തുള്ള കെട്ടിടത്തിന് മുന്നിൽ ഓട വളച്ചുകെട്ടിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ.ശ്രീധരനാണ് പണി നിറുത്തിവയ്ക്കാൻ ആദ്യം ആവശ്യപ്പെട്ടത്. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒാടയുടെ അലൈൻമെന്റ് മാറ്റാൻ ശ്രമിച്ചുവെന്ന ശ്രീധരന്റെ ആരോപണം വിവാദമായിരുന്നു. തുടർന്ന് കോൺഗ്രസും ബി.ജെ.പി.യും സമരം നടത്തി. ഇതിനെത്തുടർന്ന് എല്ലാ പണികളും നിറുത്തിവച്ചിരിക്കുകയായിരുന്നു. വാഴവിള പാലം മുതൽ ചന്ദനപ്പള്ളി വരെ മെറ്റലിങ് പൂർത്തിയായെങ്കിലും ടാർ ചെയ്തില്ല. മൃഗാശുപത്രി മുതൽ വാഴവിള പാലം വരെയാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്.