പന്തളം:കുളനട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലുപാലം അപകടഭീഷണിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം കുളനടപഞ്ചായത്ത് അധികൃതർ നിരോധിച്ചു. എം.സി റോഡിനെയും വെണ്മണി- കുളനട റോഡിനെയും ബന്ധിപ്പിക്കുന്ന ചക്കുള്ളിടത്ത് പടി ആലു നിൽക്കുന്ന മണ്ണിൽ റോഡിലാണ് പാലം. നേരത്തെ ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളുമാണ് നിരോധിച്ചിരുന്നത്.
കുപ്പണ്ണൂർ ചാലിൽ നിന്ന് തുടങ്ങി അച്ചൻകോവിലാറ്റിലേക്ക് വെള്ളം ഒഴുകിയിരുന്ന തോടിന് കുറുകെ അരനൂറ്റാണ്ട് മുമ്പ് മൂന്ന് കൽപ്പാളികൾ ഉറപ്പിച്ച നടപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ഈ കല്ലുകൾ മാറ്റിയാണ് വാഹനഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ പുതിയ പാലം നിർമ്മിച്ചത്. ആലവട്ടകുറ്റി, വാലു കുറ്റിയിൽ, എമിനൻസ്, വാലു തോപ്പിൽ എന്നീ കോളനി നിവാസികൾക്കും മാന്തുക ഭാഗത്തുള്ളവർക്കും കളനട ടൗൺ, മുട്ടത്ത് ദേവീക്ഷേത്രം, പന്തളം മഹാദേവർ ക്ഷേത്രം, പുന്തല ജുമാ മസ്ജിദ്, ആലുനിൽക്കും മണ്ണിൽ അങ്കണവാടി, പുന്തല വെണ്മണി ഭാഗത്തുള്ള സ്‌കൂൾ എന്നിവിടങ്ങളിലേക്ക് പോകുവാനുള്ള മാർഗമാണിത്.
മാന്തുക ഗവ. യു. പി സ്‌കൂൾ, വലിയ പള്ളി, ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്.
നിർദ്ദിഷ്ട വയറപ്പുഴ പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ പന്തളം, കുളനട ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ബൈപാസായി വിഭാവനം ചെയ്തിരിക്കുന്നതും ഈ റോഡിനെയാണ്. കുപ്പണ്ണൂർ പുഞ്ചയിലെ കൃഷിക്കാവശ്യമായ ജലം ക്രമീകരിക്കുന്നതിനായി പലകകൾ ഉപയോഗിച്ചുള്ള ഷട്ടറുകൾ ഇടാൻ കഴിയുന്ന തരത്തിൽ ചീപ്പും പാലത്തിൽ നിർമ്മിച്ചിട്ടുണ്ട്.
പാലത്തിൽ വലിയ കുഴി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണിത്. അപ്രോച്ച് റോഡുകളുമായി ബന്ധിപ്പിക്കുന്ന കരിങ്കൽ ഭിത്തികൾ വർഷങ്ങൾക്ക് മുമ്പ് തകർന്നിരുന്നു. ഇപ്പോൾ പാലത്തിൽ വലിയ കുഴി രൂപപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങളും കാൽ നടയാത്രക്കാരും സഞ്ചരിക്കുന്ന പാലം അപകടഭീഷണിയിലായതോടെ ജനം ഭീതിയിലാണ്.
-----------------
പതിറ്റാണ്ടുകൾ പഴക്കമുള്ള കല്ലുപാലം തകർച്ചയിലായത് ഈ ഭാഗത്തെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പാലത്തിന്റെ അപകടാവസ്ഥ 2022 ൽ .വീണാ ജോർജ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധിയിൽപ്പെടുത്തിയിരുന്നു. അന്ന് നടപടി സ്വീകരിക്കാത്തതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
ഐശ്വര്യ ജയചന്ദ്രൻ (വാർഡ് അംഗം)