kalleli-

കോന്നി: മഴക്കാലത്ത് കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം കാണാൻ എത്തുന്നത് നിരവധിപ്പേർ. അച്ചൻകോവിലാറിന്റെ കൈവഴിയായ തോട്ടിലെ പാറക്കെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ്. 25 അടി ഉയരത്തിൽ നിന്നാണ് പാറക്കെട്ടുകളുടെ മുകളിൽ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നത്. പാറക്കെട്ടിൽ ഇപ്പോൾ നല്ലപോലെ വഴുക്കലുണ്ട്. ഇവിടെ നിന്നാൽ അച്ചൻകോവിൽ വനമേഖലയും കാണാൻ കഴിയും. മഴപെയ്യുന്നതിനാൽ സമീപത്തെ മലകളിലെല്ലാം നല്ല പച്ചപ്പാണ്. കോന്നി എലിയറയ്ക്കൽ കല്ലേലി വഴിയും, വകയാർ കൊല്ലൻപടി അതിരുങ്കൽ വഴിയും പാടം മാങ്കോട് അതിരുങ്കൽ വഴിയും രാജഗിരി അതിരുങ്കൽ കുളത്തുമൺ വഴിയും ഇവിടെ സഞ്ചാരികൾ എത്തുന്നുണ്ട്. കോന്നി കൊക്കാത്തോട് റോഡിൽ നിന്ന് വഴിമാറി 2 കിലോമീറ്റർ ഒറ്റയടി പാതയിലൂടെ സഞ്ചരിക്കണം വെള്ളച്ചാട്ടത്തിലേക്ക്. മഴക്കാലത്തും വേനൽക്കാലത്തും ഇവിടെ വെള്ളമുണ്ട്. കല്ലേലി വെള്ളച്ചാട്ടവും കൊക്കാത്തോട് കാട്ടാത്തിപ്പാറയും ഉൾപ്പെടുത്തി കോന്നി ഇക്കോ ടൂറിസം പദ്ധതി വിപുലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ മഴ ചെയ്യുന്നതിനാൽ വഴുക്കലുള്ള പാറയിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം. വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കാനുള്ള നല്ല സൗകര്യമുണ്ട്. സമീപത്തെ വനമേഖലകളും പ്രകൃതിയുടെ പച്ചപ്പും സന്ദർശകർക്ക്‌ പുതിയ അനുഭവങ്ങൾ നൽകുന്നു. കോന്നി അച്ചൻകോവിൽ വനപാതയിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികളും ഇപ്പോൾ കല്ലേലി വെള്ളച്ചാട്ടം കാണാൻ എത്തുന്നു.

-------------------

കോന്നി ഇക്കോ ടൂറിസം പദ്ധതിയിൽ കല്ലേലി വെള്ളച്ചാട്ടവും കൊക്കത്തോട് കാട്ടാത്തിപ്പാറയും ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

വിഷ്ണു ( പ്രദേശവാസി)