1
പുനർനിർമ്മാണത്തിന് തുക ലഭിച്ചിട്ടും നിർമ്മാണം വൈകുന്ന ചാന്തോലിൽ 108-ാംനമ്പർ അങ്കണവാടി

മല്ലപ്പള്ളി : പണമുണ്ടായിട്ടും കൊറ്റനാട് പഞ്ചായത്തിലെ ചാന്തോലിൽ 108-ാം നമ്പർ അങ്കണവാടിയുടെ അറ്റകുറ്റപ്പണി വൈകുന്നു.

മേൽക്കുര എതുനിമിഷവും നിലംപതിച്ചേക്കാവുന്ന സ്ഥിതിയിലാണ്. 11-ാം വർഡിലാണ് അങ്കണവാടി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കാൻ വിവിധ പദ്ധതികളിൽ നിന്നായി 12 ലക്ഷം രൂപ ലഭിച്ചിരുന്നു.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 7 ലക്ഷം രൂപയും ഐ.സി.ഡി.എസ് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയുമാണ് ലഭിച്ചത്. എം.ജി.എൻ ആർ.ഇ.ജി.എസ് പദ്ധതിയിലൂടെ നിർമ്മാണം നടത്തേണ്ടതിനാൽ വാർഡിലെ തൊഴിലുറപ്പ് അംഗങ്ങളെയും ഉൾപ്പെടുത്തണം. ആവശ്യമായ ഉല്പന്നങ്ങൾ മാത്രം എത്തിച്ചുനൽകുന്നതിലൂടെ കരാറുകാർക്ക് അടങ്കൽ തുകയിൽ കൂടുതൽ ചെലവാകാൻ സാദ്ധ്യതയുള്ളതും പണി ഏറ്രെടുക്കാൻ ആരും തയ്യാറാകാത്തതിന് കാരണമാണ്. മൂന്നു മുറിയും അടിസ്ഥാന സൗകര്യവും ഉണ്ടായിരുന്ന അങ്കണവാടി കെട്ടിടത്തിൽ നിന്നും വാടക കെട്ടിടത്തിലേക്ക് മാറിയതോടെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. കെട്ടിട പുനർനിർമ്മാണം എത്രയും വേഗം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

.---------------

ഒരു വർഷമായിട്ടും കരാറുകാരനെ കണ്ടെത്താൻ സാധിക്കാത്തത് അധികൃതരുടെ നിസംഗമായ നിലപാട് മൂലമാണ്. പഞ്ചായത്തിലെ ചുട്ടുമൺ104 നമ്പർ അങ്കണവാടിയുടെ സ്ഥിതയും വ്യത്യസ്തമല്ല. രണ്ട് അങ്കണവാടികളുടെയും പണി നടത്താൻ അടിയന്തര നടപടി സ്വീകരിക്കണം.

ഷാജി, ഉറുമ്പിൽ തടത്തിൽ

പ്രദേശവാസി