road-close-
പുതമണ്‍ താത്കാലിക പാലത്തിൽ വെള്ളം കയറിയപ്പോൾ

റാന്നി: ശക്തമായ മഴയിൽ ബ്ലോക്കുപടി - കോഴഞ്ചേരി റോഡിലെ പുതമൺ താത്കാലിക പാലത്തിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്കാലം അടച്ച് വഴിതിരിച്ചുവിട്ടു . കോഴഞ്ചേരിക്കുള്ള വാഹനങ്ങൾ കീക്കൊഴൂരിൽ നിന്ന് പേരൂർച്ചാൽ പാലം വഴി തിരിച്ചുവിട്ടു. ഇതോടെ കീക്കൊഴൂർ മുതൽ വാഴക്കുന്നം വരെയുള്ള ജനങ്ങൾ ദുരിതത്തിലായി. പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാൽ പാലം അടച്ചിരിക്കുകയാണ്. അതുവഴി ചെറുവാഹനങ്ങൾക്ക് മാത്രമെ നിലവിൽ സഞ്ചരിക്കാനാവു.സർവീസ് ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് പോകാനാണ് താത്കാലിക പാലം നിർമ്മിച്ചത്.ഇത് പൂർത്തിയാകാനും കാലതാമസമെടുത്തിരുന്നു. ഇപ്പോൾ പെരുംതോട് നിറഞ്ഞ് താത്കാലിക പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഒഴുക്ക് ശക്തിയാകുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ഇതുമൂലമാണ് ഗതാഗതം നിറുത്തിയത്.

റാന്നി- കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായതോടെയാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതുമൂലം വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താത്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താത്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്.