vhittayam
ഏഴംകുളം- കൈപ്പട്ടൂർ റോഡ് നിർമാണമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗം

പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവെ ജോലികളും കല്ലുകൾ സ്ഥാപിക്കലും അടുത്തമാസം ഒന്നിന് മുൻപ് പൂർത്തിയാക്കണമെന്ന് തിരുവനന്തപുരത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ചേംബറിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രി യോഗം വിളിച്ചത്. കെ. യു ജനീഷ് കുമാർ എം.എൽ.എയും പങ്കെടുത്തു. റോഡ് നിർമ്മാണത്തിലെ നിലവിലെ സ്ഥിതി പൊതുമരാമത്ത് സെക്രട്ടറി കെ. ബിജുവും ഉദ്യോഗസ്ഥരും വിശദീകരിച്ചു.

കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് യോഗം നിർദേശിച്ചു. കെ.ആർ.എഫ്.ബി. പ്രോജക്ട് ഡയറക്ടർ അശോക് കുമാർ, കെ.ആർ.എഫ്.ബി. പദ്ധതി ടീം ലീഡർ മഞ്ജുഷ പി.ആർ., എക്‌സി. എൻജിനീയർ ദീപ അടക്കമുള്ള നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. സമയബന്ധിതമായി ഈ പദ്ധതി പ്രവർത്തനം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാനാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു.