പ്രമാടം : വൈദ്യുതി മുടക്കം പതിവായതോടെ ക്ഷേമപെൻഷൻ ഉപഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗും പ്രതിസന്ധിയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നൂറുകണക്കിന് വയോജനങ്ങളാണ്സാമൂഹിക സുരക്ഷാ പെൻഷൻ വാർഷിക മസ്റ്ററിംഗിനായി വിവിധ അക്ഷയ കേന്ദ്രങ്ങളിൽ എത്തിയത്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും ശാരീരിക അവശതകൾ അനുഭവിക്കുന്നവരാണ്. ഇവർ ഓട്ടോറിക്ഷയും മറ്റും വിളിച്ചാണ് എത്തുന്നത്. പരസഹായം തേടുന്നവരും നിരവധിയാണ്. ഭൂരിഭാഗം അക്ഷയ കേന്ദ്രങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്നതിന് ബഥൽ സംവിധാനങ്ങളില്ല. മണിക്കൂറുകൾ വൈകിയാണ് പലപ്പോഴും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നത്. പകലും രാത്രിയിലും ഒരേപോലെയുള്ള വൈദ്യുതി മുടക്കം വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്. ധാന്യം പൊടിക്കുന്ന മില്ലുകൾ, നീതി സ്റ്റോറുകൾ, ത്രിവേണി, സപ്ളൈകോ സൂപ്പർ മാർക്കറ്റുകൾ, സ്വകാര്യ സൂപ്പർമാർക്കറ്റുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ, മൊബൈൽ ഷോപ്പുകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറാകുന്നുണ്ട് തുടർച്ചയായുള്ള മുടക്കം ഒഴിവാക്കാൻ വൈദ്യുതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മരങ്ങൾ കടപുഴകി വീണും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മുടങ്ങുന്നതെന്നും ഇതിന് അടിയന്തര പരിഹാരം കാണാൻ സാദ്ധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.