naya-

അടൂർ : ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിന്റെ കമ്പികൾക്കിടെ 'എസ് ' ആകൃതിയിൽ കുടുങ്ങിയ തെരുവ് നായയ്ക്ക് ഫയർഫോഴ്‌സ് രക്ഷയൊരുക്കി. കണ്ണങ്കോട് ക്രിസ്ത്യൻ പള്ളി ഓഡിറ്റോറിയത്തിന്റെ പി​ന്നി​ലെ ഗേറ്റാണ് കെണി​യായത്. കഴിഞ്ഞ ദിവസം പള്ളിയിൽ നടന്ന വിവാഹസൽക്കാരത്തിന്റെ ഭക്ഷണാവശി​ഷ്ടം തേടി​യെത്തി​യ നായ അടി​ച്ചി​ട്ട ഗേറ്റി​ന്റെ കമ്പി​കൾക്കി​ടയി​ലൂടെ ചാടുകയായി​രുന്നു. രക്ഷപ്പെടാനുള്ള പരാക്രമത്തി​ൽ നായ ഒരു കമ്പി​യുടെ ഇരുവശങ്ങളി​ലുമായി​ കുടുങ്ങി​. സംഭവംകണ്ട പള്ളിയിലെ ജീവനക്കാർ നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അടൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസഫ്, ഓഫീസർമാരായ ശ്രീജിത്ത്, പ്രജോഷ്, സജാദ്, അനീഷ് കുമാർ എന്നിവരടങ്ങുന്ന ടീം ഗേറ്റിന്റെ കമ്പി മുറിച്ച് മാറ്റിയാണ് നായയെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പന്തളത്ത് ഗ്യാസ് സ്റ്റൗവ്വിൽ തല കുരുങ്ങിയ പൂച്ചയേയും കടമ്പനാട് നെല്ലിമുകളിൽ പാൽ പാത്രത്തിൽ തല കുടുങ്ങിയ നായയെയും. അടൂരിൽ പാടത്ത് ചെളിയിൽ താഴ്ന്ന പശുവിനേയും അഗ്നിശമനസേന രക്ഷപ്പെടുത്തി​യി​രുന്നു.

സംഭവം ഇന്നലെ രാവി​ലെ 8.30ന്

മനുഷ്യരായാലും മൃഗങ്ങളായാലും ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് സേനാംഗങ്ങൾക്ക് വലിയ സന്തോഷമുള്ള കാര്യമാണ്.

വിനോദ് കുമാർ,

ഫയർ സ്റ്റേഷൻ ഓഫീസർ