മല്ലപ്പള്ളി: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ സങ്കടത്തിൽ സ്കൂളിൽ നിന്ന് ഇറങ്ങിപ്പോയ വിദ്യാർത്ഥികളെ കാണാതായത് പരിഭ്രാന്തി സൃഷ്ടിച്ചു. മടത്തുംചാലിന് സമീപത്തെ സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ 6 വിദ്യാർത്ഥിനികളാണ് ഇറങ്ങിയത് . ഇതിൽ 4 പേർ സ്കൂൾ ഗേറ്റ് കടക്കും മുമ്പ് പിൻവാങ്ങി . രണ്ട് പേർക്കായി പെരുമ്പെട്ടി പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തി.സ്കൂളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദ്യാർത്ഥികൾ ഇടവഴിയിലൂടെ നടന്നു നീങ്ങുന്നത് കണ്ടു. നാല് സംഘമായി പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിൽ സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ വിദ്യാർത്ഥികളെ കണ്ടെത്തി.വിദ്യാർത്ഥികളുമായി മടങ്ങിയെത്തിയ പോലീസ് സമീപത്തെ വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിന് സമീപം പടർന്ന തീ അണയ്ക്കുകയും ചെയ്തു. റബർ ഷീറ്റ് പുകയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വീടിന്റെ കഴുക്കോലും പട്ടികയും ഭാഗികമായി കത്തി. പെരുമ്പെട്ടി പൊലീസ് എസ് എച്ച് ഒ നിസാറിന്റെ നേതൃത്വത്തിൽ അരുൺ,മോൻസി , സുമേഷ് എന്നിവർ അടങ്ങുന്ന സംഘമായിരുന്നു അന്വേഷണം നടത്തിയത്.