
പുതക്കടയിൽ ടാംപ്പിംഗ് തൊഴിലാളിയായ സ്ത്രീ ഒാടി രക്ഷപ്പെട്ടു
റാന്നി: പെരുനാട് ളാഹ മേഖലയിൽ വീണ്ടും കടുവയെ കണ്ടു.ഇന്നലെ വെളുപ്പിന് ളാഹ ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ശോഭനയാണ് കടുവയെ കണ്ടത്. എസ്റ്റേറ്റിന്റെ പുതുക്കട ഭാഗത്ത് ടാപ്പിംഗ് നടത്തുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോഴാണ് കടുവ തന്റെ നേരെ സാവകാശം നടന്നുവരുന്നത് കണ്ടതെന്ന് ശോഭന പറഞ്ഞു. ബഹളം വച്ച് ഓടി സ്വകാര്യ ക്രഷറിലേക്കുള്ള റോഡിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പുതുക്കടയിൽ പശുക്കുട്ടിയെ കടുവ പിടിച്ച നിലയിൽ കണ്ടിരുന്നു. നൂറുകണക്കിന് തോട്ടം തൊഴിലാളികളാണ് ളാഹ എസ്റ്റേറ്റിൽ വെളുപ്പിനെ ടാപ്പിങ്ങിന് പോകുന്നത്. ശബരിമല വനമേഖലയോട് ചേർന്ന് ഏറെ ജനവാസമുള്ള പ്രദേശങ്ങളാണ് ളാഹ , പുതുക്കട ഭാഗങ്ങൾ. ഇവിടങ്ങളിൽ കടുവയെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞദിവസം കടുവയെ നിരീക്ഷിക്കാനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു.
--------------
കടുവയുടെ സാന്നിദ്ധ്യം നിരന്തരം ഉണ്ടായ സാഹചര്യത്തിൽ ഇവിടെ കൂട് വയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് അഭ്യർത്ഥിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും മന്ത്രി അംഗീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭീതി അകറ്റുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റാന്നി ഡിഎഫ് ഒ യോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ