gate
കുറ്റൂർ റെയിൽവേ അടിപ്പാതയിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ഗേറ്റ് സ്ഥാപിക്കുന്നു

തിരുവല്ല : റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളക്കെട്ട് പതിവായതോടെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ പുതിയ പരിഷ്‌ക്കാരം. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ - മനയ്ക്കച്ചിറ, തിരുമൂലപുരം - കറ്റോട് എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സ്ഥാച്ചിരിക്കുന്നത്. ഇരുവെള്ളിപ്ര, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹനഗതാഗതം നിയന്ത്രിക്കുന്നത്. ഇതുകാരണം മഴക്കാലത്ത് വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവെള്ളിപ്ര അടിപ്പാതയിൽ കഴിഞ്ഞവർഷം വെള്ളക്കെട്ടിൽ കാർ മുങ്ങിപ്പോയ അപകടം ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ അന്ന് രക്ഷപെട്ടത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴി സുഗമമായി പോയിരുന്നു. വെള്ളക്കെട്ടിൽ അപകടം ഒഴിവാക്കാനെന്ന പേരിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

പാളിയ പരിഷ്‌ക്കാരങ്ങൾ


കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി പരിഷ്‌ക്കാരങ്ങളാണ് ഇവിടെ നടപ്പാക്കിയത്. ആദ്യം അടിപ്പാതകൾക്ക് മേൽക്കൂര സ്ഥാപിച്ചു. പിന്നീട് വെള്ളം വറ്റിക്കാനായി വലിയ മോട്ടോറുകൾ സ്ഥാപിച്ചു. തുടർന്ന് വെള്ളം ഒഴുകി മാറാനായി വലിയ ഓടകളും സംരക്ഷണ ഭിത്തിയും നിർമ്മിച്ചു. എന്നിട്ടും അടിപാതയിലെ വെള്ളക്കെട്ടിന് ശമനമുണ്ടായില്ല.

അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ചതോടെ വാഹന ഗതാഗതം തടസപ്പെടും. യാത്രക്കാർക്കും പ്രദേശവാസികൾക്കും ഇതുകാരണം ബുദ്ധിമുട്ടേണ്ടി വരും

വി.ആർ രാജേഷ്
(സമീപവാസി)