colony

തിരുവല്ല: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. തിരുമൂലപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 24 കുടുംബങ്ങളിലെ 123 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കവിയൂർ പഞ്ചായത്തിലെ നന്നൂർ കമ്മ്യുണിറ്റി ഹാളിൽ 10 കുടുംബങ്ങളിലെ 37 പേരെ ക്യാമ്പിലേക്ക് മാറ്റി. നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി, ആറ്റുമാലി, അടുമ്പട, മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. മണിമലയാറ്റിൽ നിന്നും വെള്ളം നേരിട്ട് കയറുന്ന പ്രദേശങ്ങളാണിത്. ഇന്നലെ പുലർച്ചയോടെയാണ് വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയത്. ഇന്നലെ പുലർച്ചെ വരെ പെയ്തിരുന്ന മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്തുകൂടി ഒഴുകുന്ന മണിമല, പമ്പ നദികളുടെ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. പ്രദേശത്തെ വെള്ളം കയറിയ വീടുകളിൽ നിന്നും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കടപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വരമ്പിനകത്ത് മാലി ഭാഗത്തെ 15ഓളം വീടുകളിലും വെൺപാലയിൽ പത്തോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ വീടുകളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വാർഡ് മെമ്പർ സൂസമ്മ പൗലോസ് പറഞ്ഞു.

പലയിടത്തും ഗതാഗതം നിലച്ചു

തിരുവല്ല താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഗ്രാമീണ മേഖലകളിലെ മിക്ക റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. ശക്തമായ മഴയിൽ പമ്പ, മണിമല നദികളിലെ ജലനിരപ്പ് ഉയർന്നതിനാലാണ് നിരവധി വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയത്. രണ്ട് ദിവസത്തിനിടെയാണ് നദികളിലെ വെള്ളം ക്രമാതീതമായി ഉയർന്നത്. ഇടത്തോടുകളിലും കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. കടലിൽ വേലിയേറ്റം നിലനിൽക്കുന്നതിനാൽ ഉയർന്ന വെള്ളം ഒഴുകി മാറുന്നതിനും തടസ്സമായിട്ടുണ്ട്. അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങര, കടപ്ര, നിരണം, കുറ്റൂർ, നെടുമ്പ്രം എന്നീ പഞ്ചായത്തുകളും നഗരസഭയുടെ ചില പ്രദേശങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഇരുവള്ളിപറ, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ റോഡുകളിലെ ഗതാഗതം നിലച്ചു . ഇന്നലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ഒരുമാസത്തിനിടെ അപ്പർകുട്ടനാട്ടിൽ രണ്ടാമത്തെ വെള്ളപ്പൊക്കമാണിത്.