
പന്തളം : കനത്ത മഴയിൽ പന്തളത്ത് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭതകരമായി രക്ഷപ്പെട്ടു കടയ്ക്കാട് ഗവ. എൽ പി സ്‌കൂളിന് സമീപം തോന്നല്ലൂർ പള്ളികിഴക്കേതിൽ ഐഷാബീവി (82) ന്റെ വീടാണ് തകർന്നു വീണത്.ഇന്നലെ രാവിലെ 11.30 ഒാടെയായിരുന്നു സംഭവം. വീട്ടിൽ കട്ടിൽ കിടക്കുകയായിരുന്ന ഐഷാ ബീവി തൊട്ടടുത്ത മുറിയിലേക്ക് മാറിയ ഉടൻ ചുമര് ഇവർ കിടന്ന കട്ടിലിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവ സമയം വീട്ടിൽ ശാരീരിക അസ്വസ്ഥതയുള്ള മകൻ താജുദീനും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് കുരമ്പാല വില്ലേജ് ഓഫീസർ കിരൺ മോഹൻ, നഗരസഭാ സെക്രട്ടറി ഇ.വി അനിത, ചെയർപേഴ്സണൽ സുശീല സന്തോഷ്, കൗൺസിലർമാരായ എച്ച്. സക്കീർ, ഷെഫിൻ റെജീബ് ഖാൻ, എന്നിവരും എത്തിയിരുന്നു. കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചു.വീട്ടുപകരണങ്ങൾ നശിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
പന്തളം : അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പന്തളത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ,
കാലവർഷം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായി പെയ്ത മഴയിൽ ജനജീവിതം ദുരിതത്തിലായി. കടയ്ക്കാട് താഴ്ന്ന പ്രദേശങ്ങളിലെ 2 വീടുകളിൽ വെള്ളം കയറി,കടയ്ക്കാട് പുത്തൻ വീട്
സലീം ,കടയ്ക്കാട് ഷഹന മൻസിൽ സൈനുലാബുദ്ദീൻ, എന്നിവരുടെ വീടുകളാണ് വെള്ളം കയറിയത്. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറി.
ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളക്കെട്ടായതോടെ വഴിയാത്രക്കാരും, വാഹനയാത്രികരും ബുദ്ധിമുട്ടിലായി. മഴയെ തുടർന്ന് വെള്ളം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധി ഉണ്ടാക്കുമെന്ന ഭയപ്പാടിലാണ് ജനങ്ങൾ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉണ്ടായിരുന്ന മഴ വ്യാഴാഴ്ച രാത്രിയോടെ കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു. കൃഷിനാശവുമുണ്ട്.