
പന്തളം: ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ പത്തടിയോളം വെള്ളം ഉയർന്നു. ആറിനോടും പാടത്തോടും ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. കരിങ്ങാലി വലിയതോടിന്റെ ഐരാണിക്കുടി പാലത്തിന് താഴ്ഭാഗത്തായി കഴിഞ്ഞ ആഴ്ചയിലെ മഴയിൽ ഇടിഞ്ഞുപോയ ബണ്ടിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റവന്യുവകുപ്പ് വേലികെട്ടി നടപ്പാത അടച്ചിട്ടുണ്ട്.
ആറ്റുതീരം വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴുന്നുണ്ട്. കുളനട പഞ്ചായത്തിലെ തുമ്പമൺ താഴത്ത് ആറ്റുതീരത്തുകൂടിയുള്ള വാളാക്കോട്ടുപടിതേവർതോട്ടം കാവ് റോഡിന്റെ അരിക് ഇടിഞ്ഞുതാഴ്ന്നു. താഴെയുള്ള തടയണയിൽ വെള്ളം തട്ടി ഒഴുക്ക് അരികിലേക്ക് വരുന്നതാണ് തീരം കൂടുതൽ ഇടിയാൻ കാരണമാകുന്നത്.
ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയുമായുണ്ടായ കാറ്റിൽ മരങ്ങൾ പിഴുതുവീണ് പന്തളം നഗരസഭാ പ്രദേശത്ത് നാശനഷ്ടമുണ്ടായിട്ടുണ്ട്. കുരമ്പാല കവലയ്ക്കുസമീപം ബുധനാഴ്ച പുലർച്ചെ ജോർജുകുട്ടിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ നെല്ലിമരം ഒടിഞ്ഞ് എം.സി. റോഡിൽ ഗതാഗത തടസമുണ്ടായി. അടൂരിൽ നിന്നും അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. കുരമ്പാല അമ്പലത്തിനാൽ ചൂര കവലയ്ക്ക് സമീപം കരമേൽ രാജുവിന്റെ വീടിന്റെ മുകളിൽ തേക്കുമരം പിഴുത് വീണ് വീടിന് കേടുപാടുണ്ടായി.