photo
പാറക്കടവ് പാലത്തിന് സമീപത്തെ മാലിന്യ നിക്ഷേപം

പ്രമാടം : പാറക്കടവ് പാലത്തിലും സമീപ ഭാഗങ്ങളിലും മാലിന്യം തള്ളുന്നത് മൂലം ദുർഗന്ധം രൂക്ഷം. പ്രമാടം പഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതിന് താഴെയാണ് പ്രമാടം കുടിവെള്ള പദ്ധതി കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിലാണ് പ്ലാസ്​റ്റിക് കവറുകളിലാക്കിയ ഹോട്ടൽ, ഇറച്ചിക്കട വേസ്​റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. ഇത് തെരുവുനായ്ക്കൾ വലിച്ചിഴച്ച് അച്ചൻകോവിലാ​റ്റിൽ ഉൾപ്പെടെ കൊണ്ടിട്ടു. ദുർഗന്ധം വമിച്ചതോടെ റോഡിലെയും നദിയിലെയും മാലിന്യം നിറച്ച കവറുകൾ നാട്ടുകാരാണ് നീക്കം ചെയ്തത്. പത്തനംതിട്ട നഗരസഭയിലും പ്രമാടം പഞ്ചായത്തിലും നാട്ടുകാർ വിവരം അറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. നേരത്തെയും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയതോടെയാണ് ഇത് നിലച്ചത്. മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരവധി ആളുകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പൂങ്കാവ്- പ്രമാടം- പത്തനംതിട്ട റോഡ് വികസിച്ചതോടെ പാലത്തിന്റെ ഇരുവശങ്ങളിലെയും കാട് ഇല്ലാതെയായി. തെരുവുവിളക്കുകളും പ്രകാശിക്കുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ നിരീക്ഷണവും കുറഞ്ഞിരുന്നു. ഇത് മനസിലാക്കിയാണ് രാത്രിയിൽ വീണ്ടും മാലിന്യം കൊണ്ടിടാൻ തുടങ്ങിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്തും നഗരസഭയും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.