daily
മോഷണം നടന്ന നരിയാപുരം വയലാവടക്ക് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ പരിശോധന നടത്തുന്ന ഫോറൻസിക്ക് ഉദ്യോഗസ്ഥർ

പത്തനംതിട്ട: നരിയാപുരം വയലാവടക്ക് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും അലമാരയും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ രാവിലെ 5.10 ന് ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് . പൊലീസ്, ഫോറൻസിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം ജീവനക്കാർ പറയുന്നു. ക്ഷേത്രത്തെയും പരിസരത്തെയും കൃത്യമായി അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം കൂടുമ്പോഴാണ് ക്ഷേത്രത്തിൽ വഞ്ചി തുറക്കുക. ഇപ്പോൾ ഒന്നരമാസമായി വഞ്ചി തുറന്നിട്ട്. മേൽശാന്തി, മാനേജർ, ജീവനക്കാരൻ എന്നിവർ ചേർന്ന് തലേദിവസം രാത്രി 8ന് കതകും അലമാരയുമെല്ലാം പൂട്ടിയതിന് ശേഷമാണ് മടങ്ങുക. അഞ്ച് വഞ്ചികളിൽ ഒരെണ്ണം മാത്രമാണ് തകർത്തിരിക്കുന്നത്. കട്ടിയുള്ള കമ്പ് ഉപയോഗിച്ച് ക്ഷേത്രത്തിന്റെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.