പന്തളം : നഗരസഭയിലെ നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണപരമായ പ്രസ്താവനയാണ് നഗരസഭ ചെയർപേഴ്സൽ നടത്തുന്നതെന്ന് എൽ.ഡി.എഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവുകൾ യഥാസമയം നടപ്പിലാക്കാതെയും നികുതി ഘടനയിൽ വന്ന വ്യത്യാസം അറിയിക്കാതിരിക്കുകയും ചെയ്ത ഭരണസമിതി രാജിവയ്ക്കണം .തിങ്കളാഴ്ച എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി നഗരസഭയിലേക്ക് പ്രതിഷേധം നടത്തും. മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഇല്ലാത്ത തരത്തിൽ കെട്ടിടനികുതി നിരക്ക് വർദ്ധിപ്പിച്ച ഭരണസമിതിക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്നവർക്ക് ലൈസൻസ് എടുക്കുന്നതിനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കുകയാണ്. വ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. കൗൺസിലർമാരായ എച്ച്. സക്കീർ, എസ്.അരുൺ , ജി. രാജേഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.