പന്തളം : പന്തളം നഗരസഭയിലെ അശാസത്രീയ നികുതി പരിഷ്‌കരണത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിച്ച നടപടി അപലനീയമാണ് . 2013 ലും 2016ലും നഗരസഭയിലെ അസ് സ്മെന്റ് രജിസ്റ്റർ പുതുക്കി നികുതി പരിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. നടപടികൾ ആരംഭിച്ചുവെങ്കിലും കൊവിഡും വെള്ളപ്പൊക്കവും വേണ്ടത്ര പരിഞ്ജാനമില്ലാത്തവരെ താത്കാലിക ജീവനക്കാരായി നിയമിച്ചതും മൂലം നികുതി പരിഷ്‌കരണം നടപ്പിലാക്കാൻ കഴിഞ്ഞില്ല.
2023ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നികുതി പരിഷ്‌കരണ നടപടികളുമായി നഗരസഭ മുന്നോട്ടുപോയെങ്കിലും 2014 മുതൽ നികുതി പരിഷ്‌കരണം നടത്താൻ തീരുമാനിച്ചിരുന്നില്ല. മൂന്നു വർഷം പിന്നോട്ടുള്ള നികുതി മാത്രമേ പിരിക്കാൻ പാടുള്ളൂ എന്ന നിയമം നില നിൽക്കുമ്പോഴാണ് ആദ്യം 2014 മുതൽ മുന്നോട്ടു പത്തുവർഷത്തെയും പിന്നീടതു 2016 മുതൽ എട്ടുവർഷത്തേയും നികുതിയും പിഴപ്പലിശയും ചേർത്ത് ഇൗടാക്കുന്നത്. യു. ഡി. എഫ് കൗൺസിലർമാരായ കെ. ആർ. വിജയകുമാർ, കെ. ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.