കോന്നി: കോന്നി - കൊക്കാത്തോട് റോഡിലെ കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് ഓട്ടോറിക്ഷ ഡ്രൈവർ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കോന്നിയിൽ നിന്ന് ഓട്ടം കഴിഞ്ഞ് രാത്രി കല്ലേലിയിലെ വീട്ടിലേക്ക് പോയ കല്ലേലി സ്വദേശിയായ രാജകുമാറാണ് ആനയുടെ മുന്നിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. ചിന്നംവിളിച്ച് റോഡിൽ നിലയുറപ്പിച്ച കാട്ടാന കുറെ സമയം കഴിഞ്ഞ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിലേക്ക് കയറിപ്പോയി. കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് ഏഴോളം വരുന്ന കാട്ടാനക്കൂട്ടം പതിവായി ഇറങ്ങുന്നത് നാട്ടുകാരെ ഭയപ്പാടിലാക്കുന്നു. അടുത്തിടെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി എലിസബത്തിനെ ആന ഓടിച്ചിരുന്നു. വീണ് പരിക്കേറ്റ ഇവരെ പിന്നീട് കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേലി എസ്റ്റേറ്റിൽ പുതുതായി റബർ പ്ലാന്റ് ചെയ്ത സ്ഥലത്ത് ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. കൈതച്ചക്ക തേടിയാണ് കൂടുതലായി കാട്ടാനകൾ എത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു.