
പത്തനംതിട്ട : മലയാലപ്പുഴ കടുവാക്കുഴി സ്വദേശി സുരേഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതി മലയാലപ്പുഴ ഏറം മുണ്ടക്കൽ ചെറിയത്ത് മേമുറിയിൽ പ്രസന്നനെ(56) പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപരന്ത്യം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതിയും സുരേഷിന്റെ ബന്ധുവുമായ മുണ്ടക്കൽ മുരുപ്പേൽ വീട്ടിൽ സോമനാഥൻ വിചാരണയ്ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. 2010 സെപ്തംബർ 19നായിരുന്നു സംഭവം.
കൊലപാതകത്തിന് സഹായം ചെയ്തത് പ്രസന്നനാണെന്ന് കണ്ടെത്തി പ്രേരണക്കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക സുരേഷിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി നൽകണം. പിഴയടച്ചില്ലെങ്കിൽ ആറ് മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പ്രസന്നന്റെ സഹോദരിയുടെ വസ്തു ഇയാളുടെ എതിർപ്പ് അവഗണിച്ച് സുരേഷ് വാങ്ങുകയും അവിടെ വീടുവയ്ക്കുകയും ചെയ്തതിന്റെ പേരിൽ സുരേഷിന്റെ അച്ഛൻ സുകുമാരനെ പ്രതികൾ വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ചു. ഇതുകണ്ട് തടസം പിടിച്ച സുരേഷിന്റെ കഴുത്തിൽ സോമനാഥൻ പിച്ചാത്തി കൊണ്ട് കുത്തുകയായിരുന്നു. ഓടിപ്പോയ സുരേഷ് സമീപത്ത് കുഴഞ്ഞുവീണു. സുകുമാരനും മറ്റും ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരേഷിന് ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും ഉണ്ടായിരുന്നു. അന്നത്തെ പത്തനംതിട്ട സി.എെ കെ.എ.വിദ്യാധരനാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി.