തിരുവല്ല : യു.ഡി.എഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിലും കടപ്ര ഗ്രാമപഞ്ചായത്തിലും നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചവർക്കെതിരെ കടുത്ത നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി . നഗരസഭാ മുൻ ചെയർപേഴ്‌സണും കൗൺസിലറുമായ ബിന്ദു ജയകുമാറിനെയും കടപ്രയിലെ കോൺഗ്രസ് അംഗം മേഴ്‌സി എബ്രഹാമിനെയുമാണ് അന്വേഷണ വിധേയമായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സസ്പെൻഡ് ചെയ്‍തത്.
നഗരസഭയിലെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ബിന്ദുവിന്റെ വോട്ട് അസാധുവായിരുന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മാത്യു ചാക്കോയ്ക്ക് വോട്ട് കിട്ടാതിരുന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജിജി വട്ടശ്ശേരി അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു. ഇത് യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിക്ക് വലിയ നാണക്കേടാകുകയും ചെയ്തു. വോട്ട് അസാധുവായത് മനപ്പൂർവമല്ലെന്ന് ബിന്ദു, ഡി.സി.സിക്ക് നൽകിയ വിശദീകരണം വിശ്വാസയോഗ്യവും തൃപ്തികരവുമല്ലാത്ത സാഹചര്യത്തിലാണ് നടപടി. മുൻ ചെയർപേഴ്‌സൺ കേരള കോൺഗ്രസിലെ ഷീല വർഗീസിന്റെ വോട്ടും അസാധുവായിരുന്നു. യു.ഡി.എഫിലെ ധാരണപ്രകാരം കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ച ഒഴിവിലാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇരുവരുടെയും വോട്ടുകൾ അസാധുവായതോടെ വോട്ടുനില 15-15 എന്നായി. തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് എൽ.ഡി.എഫിന് വൈസ് ചെയർമാൻ സ്ഥാനം കിട്ടിയത്.
കടപ്ര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്‌സി എബ്രഹാം രാജിവച്ചിരുന്നു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാതെ മേഴ്‌സി എബ്രഹാം വിട്ടുനിൽക്കുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉൾപ്പെടെ വൈകിയെത്തിയതിനാൽ ഭാഗ്യം കൊണ്ടാണ് യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകാതിരുന്നത്. വൈകിയെത്തിയവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകാതിരുന്ന സാഹചര്യത്തിൽ എൽ.ഡി.എഫിലെ മറ്റ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെ യു.ഡി.എഫിലെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചു വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാണ് മേഴ്‌സി എബ്രഹാമിനെതിരെ നടപടിയെടുത്തത്.