
ചിറ്റാർ : വന്യജീവി ആക്രമണം രൂക്ഷമായ മലയോര മേഖലയിൽ ജനകീയ പ്രതിരോധമൊരുക്കാൻ സി.പി.എം. കൃഷി നശിപ്പിക്കുന്നതും ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യവും ആയതോടെ പ്രതിരോധമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം ചിറ്റാറിൽ ചേർന്ന മലയോര കർഷകരുടെ ജനകീയ കൺവെൻഷൻ വിലയിരുത്തി. ഒരേസമയം പ്രക്ഷോഭവും പ്രതിരോധവും എന്ന നയമാകും പാർട്ടി സ്വീകരിക്കുക. കേന്ദ്ര സർക്കാരിന്റെ വനനിയമങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടത്തും. വരുംദിവസങ്ങളിൽ പഞ്ചായത്ത് കൺവെൻഷനുകളും വാർഡുതല ജാഗ്രതാസമിതികളും രൂപീകരിക്കും. ജനജീവിതം സംരക്ഷിക്കൻ നടപടികളെടുക്കാൻ ഭരണാധികാരികളിൽ സമ്മർദ്ദം ചെലുത്തും. പട്ടയം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി വന്നാൽ നിയമലംഘനം നടത്തുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ആനയും പുലിയും കടുവയും കാട്ടുപന്നികളും ജനജീവിതം ദുരിതമാക്കുകയാണ്. കേന്ദ്രനിയമത്തിന്റെ മറവിൽ ഒരു വിഭാഗം വനപാലകർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടു വേണമെന്ന് ഉദയഭാനു പറഞ്ഞു.
വന്യമൃഗ ആക്രമണത്തെ ചെറുക്കാൻ വേണ്ടിവന്നാൽ
നിയമലംഘനം നടത്തുമെന്ന് കെ.പി ഉദയഭാനു