റാന്നി: പെരുനാട് പഞ്ചായത്തിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിൽ കൈവശ ഭൂമിയിലെ കാട് വെട്ടിത്തിളക്കാൻ തയാറാകാത്ത തോട്ടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഡ്വ . പ്രമോദ് നാരായൺ എം.എൽ.എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കടുവയുടെ ഉൾപ്പെടെ സാന്നിദ്ധ്യം ഉണ്ടായ ളാഹ - പുതുക്കട മേഖല സന്ദർശിച്ച ശേഷമാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. വന്യജീവി ആക്രമണം ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ച് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തുന്ന തോട്ടമുടമകൾക്ക് എതിരായി അടിയന്തര നിയമനടപടി സ്വീകരിക്കാനും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം. ഇവിടെ കൂട് സ്ഥാപിക്കണമെന്ന് എം.എൽ.എ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി യോഗം ചേർന്ന് കൂടുവയ്ക്കാനുള്ള ശുപാർശ ചീഫ് വൈൽഡ് ലൈൻ വാർഡന് കൈമാറിയിട്ടുണ്ട് .ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥനോട് എം.എൽ.എ നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, വൈസ് പ്രസിഡന്റ് ഡി.ശ്രീകല, എസ്.എസ് സുരേഷ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എം.എൽ.എ യോടൊപ്പം സ്ഥലം സന്ദർശിച്ചു.