അടൂർ: പരിസ്ഥിതി സൗഹൃദ വാട്ടർ ഫിൽട്രേഷൻ യൂണിറ്റ് വികസിപ്പിച്ച് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾ. കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ടിൽ നിന്നുള്ള സെല്ലുലോസ് ഉപയോഗിച്ചാണ് അടൂർ എസ്.എൻ.ഐ.ടി.യിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ അവസാന വർഷ ബിടെക് ബിരുദ വിദ്യാർത്ഥികളാണ് ഫിൽറ്റർ വികസിപ്പിച്ചത്. മെമ്പറൈൻ ടെക്‌നോളജിയിൽ തന്നെ അതിനൂതനമായ കണ്ടുപിടിത്തമാണ് കമ്മ്യൂണിസ്റ്റ് പച്ചയിൽ നിന്നുള്ള ഫിൽട്രേഷൻ യൂണിറ്റ്. സെല്ലുലോസ് അസറ്റേറ്റ് മെമ്പറൈൻ ജലത്തിലെ മാലിന്യങ്ങളെയും രോഗകാരികളായ സൂക്ഷ്മജീവികളെയും നീക്കം ചെയ്യുമ്പോൾ, ജല മലിനീകരണത്തിന്റ പ്രതികൂല സാഹചര്യങ്ങളെ തടയുന്നതിലുപരി പടർന്നു പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ ദൂഷ്യ ഫലങ്ങളെയും തുരത്തുന്നതിന് ഫിൽറ്റർ സഹായകമാണ്. അഭിമന്യു സനിൽ, അഭിരാമി ബാബു, ഫർഷാന എ.എന്നിവർ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫ.രശ്മി എം.രാജുവിന്റെ മേൽനോട്ടത്തിലാണ് ഫിൽറ്റർ വികസിപ്പിച്ചത്.