
പത്തനംതിട്ട : ഓട്ടോറിക്ഷാ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. പുത്തൻപീടിക ഷട്ടർ മുക്കിൽ ഹോട്ടൽ നടത്തുന്ന ഓമല്ലൂർ പന്ന്യാലി മധുനിവാസിൽ എസ്.മധുസൂദനൻ നായരാണ് (മണിക്കുട്ടൻ - 43) മരിച്ചത്. പുത്തൻപീടികയിൽ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു. ഞായറാഴ്ച്ച ഉച്ചക്ക് 1.30ക്ക് ഓമല്ലൂർ പുത്തൻപീടിക വളവിലാണ് അപകടം. ഓമല്ലൂരിൽനിന്ന് പത്തനംതിട്ടക്ക് വരികയായിരുന്ന ഓട്ടോ മറിഞ്ഞ് മധുസൂദനന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകുന്നതിനിടെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്തനംതിട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നിട്. ഭാര്യ: ആശ. മക്കൾ: കാർത്തിക്, കനിഷ്ക്.