road

കൊല്ലം: നവീകരണത്തിന്റെ ഭാഗമായി വെട്ടിപ്പൊളിച്ചും കുഴിച്ചുമിട്ടിരിക്കുന്ന ദേശീയപാത, മഴ കനത്തതോടെ അപകടക്കിടങ്ങായി മാറി. ദിശ തിരിച്ചുവിടുന്ന ഭാഗങ്ങളിലെ താത്കാലിക റോഡിൽ അടുത്തടുത്തായി നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവയിലൂടെ 'ചാടിച്ചാടി' പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവ് ഒടിയുന്ന അവസ്ഥയായി.

കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്ക് എതിർവശം അടിപ്പാതയുടെ പണികൾ നടക്കുന്നതിനാൽ ഇവിടെ സർവീസ് റോഡാണ് ഉപയോഗിക്കുന്നത്. എന്നാൽ സർവീസ് റോഡിൽ 200 മീറ്റർ ഭാഗത്ത് കുഴികളുടെ പൂരമാണ്. മൈലക്കാട് ഇറക്കത്ത് ചാത്തന്നൂരിലേക്ക് പോകുന്ന ഭാഗത്തും തിരുമുക്കിൽ അടിപ്പാതയുടെ പണിനടക്കുന്ന ഭാഗത്തും 100 മീറ്ററോളം ദൈർഘ്യത്തിൽ കുഴികളാണ്. പുതിയകാവ്, കരുനാഗപ്പള്ളി, വവ്വാക്കാവ്, വേട്ടുത്തറ, ശക്തികുളങ്ങര, പുത്തൻതുറ, ആൽത്തറമൂട്, നീണ്ടകര, കൊട്ടിയം, അയത്തിൽ, മേവറം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലും യാത്ര ദുസ്സഹമാണ്. ആഴത്തിൽ കുഴിയെടുത്ത ഭാഗങ്ങളിൽ വെറും റിബൺ മാത്രം കെട്ടിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ കുഴിയിലേക്ക് ചെരിയുന്നതും പതിവായി.

മഴവെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാതെ ചാടുമ്പോഴാണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത്.

രാത്രിയാത്ര അതികഠിനം

 രാത്രിയിൽ റോഡും കുഴിയും വേർതിരിച്ചറിയാൻ കഴിയുന്നില്ല

 റോഡ് വശങ്ങളിലെ തെരുവ് വിളക്കുകളും കത്തുന്നില്ല

 കഴിഞ്ഞ ഏപ്രിൽ 16ന് കൊട്ടിയത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന്റെ വാരിയെല്ല് തകർന്നിരുന്നു

 അപായ മുന്നറിയിപ്പ് ബോർഡ് ഒട്ടുമിക്ക സ്ഥലങ്ങളിലുമില്ല

 ജലവിതരണക്കുഴലുകൾ ഉൾപ്പെടെ സർവീസ് റോഡുകളോട് ചേർന്ന് അശ്രദ്ധമായാണ് ഇട്ടിരിക്കുന്നത്

 തറ നിരപ്പിനേക്കാൾ ഉയരത്തിലുള്ള ഓടകൾ വലിയ തലവേദന

 ദേശീയപാത ഓരത്തെ വീടുകളിലേക്ക് ചെളി വെള്ളം ഇരച്ചുകയറുന്നു

 കലുങ്കുകളിൽ കൂടി ഒഴുകിയിരുന്ന വെള്ളം റോഡുകളിലൂടെ ഒഴുകുന്ന അവസ്ഥ

ജില്ലയിൽ ദേശീയപാത വികസനം

ഓച്ചിറ - പാരിപ്പള്ളി - കടമ്പാട്ടുകോണം - 72 കിലോമീറ്റർ

കാലവർഷം ശക്തമാകുന്നതോടെ ദേശീയപാതയിലെ യാത്ര കൂടുതൽ കഠിനമാകും. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.

യാത്രക്കാർ