baby

കൊല്ലം: അമ്മത്തൊട്ടി​ലി​ൽ ഉൾപ്പടെ ഉപേക്ഷി​ക്കപ്പെടുന്ന കുട്ടി​കൾക്കും രക്ഷാകർത്താക്കളുടെ പരി​ചരണയി​ൽ കഴിയുന്ന കുട്ടി​കൾക്കുമുള്ള സേവനങ്ങൾ ഒരു കുടക്കീഴി​ലാക്കാൻ ജി​ല്ലാ ശി​ശുക്ഷേമ സമി​തി​ 'കുട്ടി​കളുടെ ഹബ്ബ്' ഒരുക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഇവിടെ ഇടമുണ്ടാകും. 18 വയസ് വരെയുള്ളവർക്ക് സൗജന്യ സേവനം നൽകുന്ന ഹബ്ബിൽ, മൂന്നു മാസം മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായി രാത്രി എട്ടു വരെ പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങളും ഉണ്ടാവും.

സംസ്ഥാനത്തെ ആദ്യത്തെ കുട്ടികളുടെ ഹബ്ബാണ് കൊല്ലത്ത് സ്ഥാപിക്കുന്നത്. പ്രാരംഭ നടപടികൾ ആരംഭിച്ചു. സൗജന്യ കൗൺസലിംഗ് കേന്ദ്രം, കുട്ടികളുടെ ആർട്ട് ഗ്യാലറികൾ, ശിശു പരിചരണ കേന്ദ്രം എന്നിവ ഹബ്ബിൽ ഉണ്ടാവും. ശിശു സൗഹൃദ ജില്ല എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് പദ്ധതി. അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

പ്രോജക്ട് വർക്കുകളും ഡിസൈൻ വർക്കും പൂർത്തിയായി. സ‌ർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ജോലികൾ ആരംഭിക്കും. സർക്കാർ ഫണ്ടിന് പുറമെ പൊതുജനങ്ങളുടെ കൂടി സഹായത്തോടെയാകും ഹബ്ബ് സ്ഥാപിക്കുക. ജില്ലയിലെ മൺമറഞ്ഞുപോയ പ്രമുഖ വ്യക്തികളുടെ ഓർമ്മകൾ കൂടി ഉൾക്കൊള്ളുന്ന രീതിയിലാകും ഹബ്ബ്.

മുലപ്പാൽ ബാങ്കും ഒരുങ്ങും

ജില്ലയിലെ ആദ്യത്തെ മുലപ്പാൽ ബങ്കും കുട്ടികളുടെ ഹബ്ബിൽ ഉണ്ടാകും. അമ്മയുടെ മരണം, രോഗബാധ, അല്ലെങ്കിൽ മുലപ്പാലിന്റെ അപര്യാപ്തത എന്നിവ മൂലം മുലപ്പാൽ ലഭിക്കാത്ത ശിശുകൾക്ക് അത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസ്ചുറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് മുലപ്പാൽ ബങ്ക് സ്ഥാപിക്കുന്നത്.

എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഹബ്ബാണ് കുട്ടികൾക്കായി കൊല്ലത്ത് ഒരുങ്ങുന്നത്.

അഡ്വ. ഡി. ഷൈൻ ദേവ് ,

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി