കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. തൃക്കോവിൽവട്ടം പാനക്കോണത്ത് ലക്ഷ്മിമോഹനം വീട്ടിൽ കെവിൻ (27), കിളികൊല്ലൂർ, കന്നിമേൽ ചേരി വലിയമാടം കളരി തെക്കതിൽ ശ്രീരാഗ് (24) എന്നിവരെയാണ് പൂജപ്പുര സെൻട്രൽ ജയി​ലി​ൽ അടച്ചത്.

2018 മുതൽ കൊല്ലം സിറ്റി പരിധിയിലെ കൊട്ടിയം, ഇരവിപുരം, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും കൊല്ലം എക്‌സൈസ് ഓഫീസിലുമായി രജിസ്റ്റർ ചെയ്യ്തിട്ടുള്ള അനധികൃത മയക്ക് മരുന്ന് വിപണനം, മാരകായുധം ഉപയോഗിച്ച് കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, കൈയേറ്റം തുടങ്ങിയ ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കെവിൻ. ഇരവിപുരം, കിളികൊല്ലൂർ, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി 2018 മുതൽ വധശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം തുടങ്ങിയ7 ക്രിമിനൽ കേസുകളിലാണ് ശ്രീരാഗ് ഉൾപ്പെട്ടിട്ടുള്ളത്. കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.