
കൊല്ലം: നഗരത്തിലെ ചില റോഡുകളിൽ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പാതി മാത്രം റീ ടാർ ചെയ്തത് അപകടക്കെണിയാവുന്നു. ചിന്നക്കടയിൽ നിന്ന് ആശ്രാമം ഭാഗത്തേക്കുള്ള, ഏറെ തിരക്കുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയാവും വിധമാണ് റോഡിലെ ഉയരവ്യത്യാസം.
മഴ പെയ്യുന്ന സമയത്ത് സ്ഥിതി വളരെ മോശമാകും. സ്വകാര്യ ബസുകൾ അടക്കം ചീറിപ്പായുന്ന റോഡിൽ ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണം വിടാൻ വഴിയൊരുക്കും വിധമാണ് ടാറിംഗ്. ചിന്നക്കട- ആശ്രാമം റോഡിന്റെ പലഭാഗത്തും ടാർ ചെയ്തിരിക്കുന്നത് ശരിയായ രീതിയിലല്ലെന്ന നാട്ടുകാരുടെ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് കുറച്ചു ദൈർഘ്യത്തിലെങ്കിലും രണ്ടുഭാഗവും ടാറിട്ടത്. ലക്ഷ്മിനട ഭാഗത്തും ഒരു വശത്തു മാത്രം ടാറിട്ട നിലയിലാണ്.
കുഴിയെണ്ണിയാൽ കുഴയും
പ്രധാന റോഡുകൾ പോലെ ഇടറോഡുകളിലും മിക്കയിടത്തും ടാറിളക്കി കുഴികളായി പള്ളിത്തോട്ടം-കൊച്ചുപിലാംമൂട് റോഡ്, എസ്.എം.പി പാലസ് റോഡ്, കളക്ടറേറ്റിൽ നിന്ന് ആനന്ദവല്ലീശ്വരം വഴി വെള്ളയിട്ടമ്പലം ഭാഗത്തേക്കുള്ള റോഡ്, ആർ.ഒ.ബി റോഡ് എന്നിവയുടെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി. റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർ കണ്ടഭാവം നടക്കുന്നില്ല. സർക്കാർ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ റോഡുകളുടെ ഇരുവശത്തുമുള്ളത്. റോഡിന്റെ ദുരവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനവും ഉണ്ടാകുന്നത്.
തുടർച്ചയായി മഴ പെയ്തത് കൊണ്ടാണ് ആശ്രാമം ഭാഗത്തേക്കുള്ള റോഡിന്റെ ടാറിംഗ് താത്കാലികമായി നിറുത്തി വച്ചത്. മഴയ്ക്ക് ശമനമുണ്ടാകുന്ന മുറയ്ക്ക് പണി പൂർത്തിയാക്കും
പി.ഡബ്ലു.ഡി അധികൃതർ