കൊട്ടാരക്കര :ചന്തമുക്ക് -പൂത്തൂർ റൂട്ടിൽ അവണൂർ ജംഗ്‌ഷനും മാമൂടിനും മദ്ധ്യേ കാൽനട യാത്ര അസാദ്ധ്യമാക്കിയുള്ള മൺതിട്ട അപകട ഭീഷണിയാകുന്നു.വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങളുടെ വശത്ത് അകപ്പെടുന്നവർ പ്രാണരക്ഷാർത്ഥം മുന്നോട്ടു പിന്നോട്ടും ഓടുന്ന അപകടക്കാഴ്‌ച്ച ഇവിടെ പതിവാണ്. അവണൂർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിനും എൽ.പി സ്‌കൂളിനും സമീപത്തെ വളവാണ് അപകടം പതിയിരിക്കുന്ന ബ്‌ളാക്ക് സ്‌പോട്ടായി മാറുന്നത്. ഭാഗ്യത്തിനാണ് ജീവഹാനി സംഭവിക്കാത്തത്.എന്നാൽ ഒറ്റപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
മൺതിട്ട ഇടിച്ചു നിരത്തിയാൽ പരിഹാരമായി
റോഡിനോട് ചേർന്ന് 10 അടിയോളം പൊക്കത്തിലുള്ള മൺതിട്ട കാരണം കാൽനടക്കാർക്ക് വശത്തേക്ക് ഒഴിഞ്ഞു മാറാൻ കഴിയുന്നില്ല. അടുത്തിടെ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മറ്റിടങ്ങളിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ചു കല്ലിട്ടെങ്കിലും മൺതിട്ടയിൽ തൊട്ടില്ല. കല്ലിട്ട് സർക്കാർ ഭൂമിയാണെന്ന് വ്യക്തമാക്കുക മാത്രമായിരുന്നു. മൺതിട്ട ഇടിച്ചു നിരത്തിയാൽ ഏകദേശം 3 മീറ്റർ സ്ഥലം കാൽനടക്കാർക്ക് സുരക്ഷിതമായി ഒതുങ്ങി നിൽക്കാൻ ലഭിക്കുമെന്ന് പരിസരവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് റോഡ് നിർമ്മിച്ചപ്പോൾ മൺതിട്ടയായ ഉയരം കൂടിയ ഭാഗം ഒഴിവാക്കി സ്ഥലമേറ്റടുത്തതിനാലാണ് സർക്കാർ ഭൂമിയും അതോടു ചേർന്നുള്ള വ്യക്തിയുടെയും സ്ഥലം കൂടിചേർന്നു കിടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
ഇരുദിശയിലേക്കും വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഞെരുക്കത്തിനിടയിൽ പലപ്പോഴും കാൽനടക്കാർ കഷ്‌ടിച്ചാണ് രക്ഷപ്പെടാറുള്ളത് .ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ ഉരസുമെന്ന് ഭയന്നു സ്‌ത്രീകളും കുട്ടികളും ഓടി മാറുന്നത് പതിവ് കാഴ്‌ച്ചയാണ്. മൺതിട്ടയിൽ നിന്ന് മരങ്ങളുടെ വേരിറങ്ങിയും മാർഗതടസം സൃഷ്‌ടിക്കുന്നു.
എൻ. സുദേവൻ
റിട്ട. കെ.എസ്.ആർ .ടി .സി ജീവനക്കാരൻ,
എസ്.എൻ. ഡി. പി യോഗം കൊട്ടാരക്കര ടൗൺ
852 -ാം നമ്പർ ശാഖ മുൻ സെക്രട്ടറി
കൊടും വളവിൽ കാടു മൂടി കിടക്കുകയാണ് ഈ ഭാഗം. സമീപത്തെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ അപകട ഭീഷണയിലാണ്.
ആർ.സന്തോഷ് കുമാർ
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ
852- ാം നമ്പർ ശാഖ
അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ
അശാസ്‌ത്രീയമായ റോഡ് നിർമ്മാണത്തെ തുടർന്ന് അപകട സാദ്ധ്യത കൂടിയ മേഖലയായി മാറിയിട്ടുണ്ട്. അധികൃതർ നടപടി സ്വീകരിക്കാൻ വലിയ അപകടങ്ങൾ സംഭവിക്കുന്നത് വരെ കാത്തിരിക്കരുത് .
ബി. ഗോപാലകൃഷ്‌ണൻ
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ
852- ാം നമ്പർ ശാഖ,
അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ
കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള നവീകരണം ഉടൻ ആരംഭിക്കും. മാതൃകാ പെരുമാറ്റ ചട്ടം അവസാനിക്കുന്ന മുറയ്‌ക്ക് ടെണ്ടർ ചെയ്യുന്ന പ്രവൃത്തിയിൽ ഇക്കാര്യം കൂടി പരിഗണിക്കും .
കിഫ്‌ബി അധികൃതർ