
വാഷിംഗ്ടൺ: യു.എസിലെ ടെന്നസിയിൽ തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. മേയ് 24നാണ് മാർക്ക് മൻസൂർ - ക്ലോയി ദമ്പതികളുടെ മകനായ എസ്ര മൻസൂറിനെ ഹസ്കി ഇനത്തിലെ നായ ആക്രമിച്ചത്. ആക്രമണ സമയം മാതാപിതാക്കൾ കുഞ്ഞിന്റെ അരികിലുണ്ടായിരുന്നില്ല.
കരച്ചിൽ കേട്ട് ഓടിയെത്തിയ ഇവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. ആക്രമണത്തിൽ കുഞ്ഞിന്റെ തലച്ചോറിൽ ഗുരുതര രക്തസ്രാവമുണ്ടായി. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറാണെന്ന് മാതാപിതാക്കൾ അറിയിച്ചു. കഴിഞ്ഞ എട്ടുവർഷമായി ഓമനിച്ച് വളർത്തിയ നായ കുഞ്ഞിനെ കൊന്നതിന്റെ നടുക്കത്തിലാണ് കുടുംബം. ഇതിന് മുമ്പ് യാതൊരു ആക്രമണങ്ങൾക്കും നായ മുതിർന്നിട്ടില്ലെന്ന് കുടുംബം പറയുന്നു. നായയെ ആനിമൽ ഷെൽട്ടറിലേക്ക് മാറ്റി.