കൊല്ലം: ഇ.എസ്.ഐ.സിയുടെ 11 മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്ക് റിസർവ് ചെയ്തിരിക്കുന്ന സീറ്റുകളിൽ അഡ്‌മിഷൻ ലഭിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ ഇ.എസ്.ഐ കോർപ്പറേഷൻ തിരുത്തിയത് ആശ്വാസകരമാണെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.

നിലവിലെ വ്യവസ്ഥയ്ക്കെതിരെ 2016ൽ രേവതി എന്ന കുട്ടി പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തോടെയാണ് കാഷ്യു കോർപ്പറേഷൻ ചെയർമാൻ വിഷയത്തിൽ ഇടപെട്ടത്. കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയ രേവതിക്ക് ചെന്നൈ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ ലഭിക്കുകയും ചെയ്തു. ഇതിനുശേഷം നൂറുകണക്കിന് കേസുകൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണനയ്ക്ക് വന്നു. കോടതിയുടെ അനുകൂല വിധിയിലൂടെയാണ് തൊഴിലാളികളുടെ മക്കൾക്ക് ഹാജറിൽ ഇളവ് ലഭിച്ചത്.

ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ 2023 സെപ്തംബറിൽ ഒരു അംശാദായമെങ്കിലും ഒടുക്കിയ ആളിന് അർഹതയുണ്ടെന്ന സർട്ടിഫിക്കറ്റ് നൽകാൻ ഇ.എസ്.ഐ.സി ഉത്തരവിറക്കി. നിയമ പോരാട്ടത്തിൽ സഹകരിച്ച എല്ലാവരെയും ചെയർമാൻ അഭിനന്ദിച്ചു.