kscdc-

കൊല്ലം: കാഷ്യു തൊഴിലാളികളുടെ ഉന്നത വിജയം നേടിയ രണ്ട് മക്കൾക്ക് സിവിൽ സർവീസ് കോച്ചിംഗിന് പൂർണ സഹായം നൽകുമെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. മികവ് 2024 പദ്ധതിയിൽ എം.ബി.ബി.എസും എസ്.എസ്.എൽ.സി - പ്ളസ് ടു ഫുൾ എ പ്ളസും നേടിയ വിദ്യാർത്ഥികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്കും ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ എം.ബി.ബി.എസിന് അഡ്‌മിഷൻ ലഭിച്ച 16 പേർക്ക് 25,000 രൂപയും, ഫുൾ എ പ്ളസ് നേടിയ 1600 കുട്ടികൾക്കും സഹായം നൽകി. എല്ലാ ചെലവും കോർപ്പറേഷൻ വഹിക്കുമെന്നും ചെയർമാൻ പറഞ്ഞു.

മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോൺ അദ്ധ്യക്ഷനായി. പേഴ്സണൽ മാനേജർ എസ്.അജിത്ത് സ്വാഗതം ആശംസിച്ചു. കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ സുഭഗൻ, കോർപ്പറേഷൻ ബോർഡ് മെമ്പർമാരായ ജി.ബാബു, ബി.സുചീന്ദ്രൻ, അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, സജി.ഡി.ആനന്ദ്, പ്രൊഡക്ഷൻ മാനേജർ എ.ഗോപകുമാർ, ഇന്റേണൽ ഓഡിറ്റ് ഓഫീസർ കെ.ടിന്റുമോൾ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ജോസ് സി.ഐ.ടി.യു, രാജു എ.ഐ.ടി.യു.സി, സുരേഷ് ബാബു യു.ടി.യു.സി, ജീവനക്കാർ, തൊഴിലാളികൾ എന്നിവരും പങ്കെടുത്തു.