
കൊല്ലം: പത്ര വിതരണത്തിനിടെ ബൈക്ക് തെന്നി റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു. തിരുമുല്ലവാരം ജവഹർ നഗർ കല്ലിൽ വീട്ടിൽ ഷാജി - രാധാമണി ദമ്പതികളുടെ മകൻ അഭിജിത്താണ് (24, കണ്ണൻ) മരിച്ചത്. ഇന്നലെ രാവിലെ 7.45ന് ബൈപ്പാസിൽ നീരാവിൽ പാലത്തിലായിരുന്നു അപകടം. പത്രം എത്തിച്ച ശേഷം നീരാവിൽ ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. എതിരെ വേഗത്തിൽ വാഹനം വരുന്നത് കണ്ട് ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലയുടെ പിൻവശം പാലത്തിന്റെ ഡിവൈഡറിൽ ഇടിച്ചാണ് പരിക്കേറ്റത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാമൻകുളങ്ങരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. അഭിഷേക്, അഭിരാം എന്നിവരാണ് സഹോദരങ്ങൾ. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.