photo
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തി. പരിശോധനയിൽ പിടിച്ചെടുത്ത വിദേഷ മദ്യം.

കരുനാഗപ്പള്ളി: ഡ്രൈ ഡേ ദിന കച്ചവടത്തിനായിസൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പാവുമ്പ ഭാഗത്ത്‌ നടത്തിയ തെരച്ചിലിലാണ് മദ്യം കണ്ടെടുത്തത്. പാവുമ്പ കാളിയൻ ചന്തയിലെ കാർഷിക ഉത്പന്ന സംഭരണ വിതരണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌ ഓഫീസ് കെട്ടിടത്തിന്റെ ടെറസിൽ സൂക്ഷിച്ചു വന്ന 30 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. സ്ഥലത്തെ സ്ഥിരം അബ്കാരി കേസ് പ്രതി കിട്ടു എന്ന രതീഷ് ഈ കെട്ടിടത്തിന് മുകളിൽ സ്ഥിരമായി മദ്യം വില്പന നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. ഒളിവിൽ പോയ പ്രതിക്കെതിരെ കരുനാഗപ്പള്ളി എക്‌സൈസ് കേസെടുത്തു. റെയ്ഡിന് ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.അജിത് കുമാർ, കെ.വി.എബിമോൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ആ‌ർ.അഖിൽ, എസ്.അൻഷാദ്, സഫേഴ്സൻ, ഡ്രൈവർ മൻസൂർ എന്നിവ‌ർ നേതൃത്വം നൽകി. സ്കൂൾ പരിസരങ്ങൾ, കടകൾ എന്നിവിടങ്ങൾ കർശന നിരീക്ഷണത്തിലാണെന്ന് കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്. ഐസക് അറിയിച്ചു.