കൊല്ലം: എസ്.എൻ.ഡി.പി യോഗം 6471-ാം നമ്പർ കിളികൊല്ലൂർ- കോയിക്കൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമം രാവിലെ 10.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കിളികൊല്ലൂർ മംഗലശ്ശേരിൽ തത്വമസി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കുടുംബസംഗമത്തിന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. ശാഖ പ്രസിഡന്റ് എസ്.ആർ.സജീവ് അദ്ധ്യക്ഷനാകും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മെരിറ്റ് അവാർഡ് വിതരണം ചെയ്യും. യോഗം കൗൺസിലർ പി.സുന്ദരൻ ചികിത്സാ സഹായം വിതരണം ചെയ്യും. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ ആർ.പി ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ.പ്രകാശൻപിള്ളയെ ചടങ്ങിൽ ആദരിക്കും. യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷേണാജി, യൂണിയൻ കൗൺസിലർ എം.സജീവ്, വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്.സുലേഖ, വനിതാ സംഘം കൊല്ലം യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജെ.വിമലകുമാരി എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി ജെ.പി.ഉമാശങ്കർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.ബിനു നന്ദിയും പറയും. രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിക്കും.