ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ എൽ.പി.എസിന് സമീപത്തെ വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറവേ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് കിണറ്റിൽ വീണ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇരവിച്ചിറ കിഴക്ക് കലാഭവനിൽ ശിവൻകുട്ടിയാണ് (55) കിണറ്റിൽ വീണത്.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.15നാണ് സംഭവം. ആയിക്കുന്നത്ത് തെക്കതിൽ സന്ധ്യയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കിയ ശേഷമാണ് ശിവൻകുട്ടി കുഴഞ്ഞു വീണത്. ശാസ്താംകോട്ട അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്താൽ ശിവൻകുട്ടിയെ കിണറിന് മുകളിലെത്തിച്ചു.നിസാര പരിക്കുകളുള്ള ശിവൻകുട്ടിയെ നാട്ടുകാർ കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി.സ്റ്റേഷൻ ഓഫീസർ എസ്.എ.ജോസ്,ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.എസ്.രതീഷ്, മിഥിലേഷ് എം.കുമാർ,വി.എസ്.വിജേഷ്,വി.ആർ. ഗോപകുമാർ,എസ്.ജയപ്രകാശ്, ഹോം ഗാർഡുമാരായ ശിവപ്രസാദ്, ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി